തൃക്കാക്കര: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടി​യ കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. നിലം പതിഞ്ഞിമുകൾ പ്രവർത്തിച്ചിരുന്ന സെന്റ് ലൂസിയ അക്കാഡമി എന്ന വിദേശ റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെയാണ് പരാതി പെരുകുന്നത്. ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ പതിനൊന്ന് പരാതികളിലായി 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോളണ്ടിൽ മെക്കാനിക്കൽ എൻജിനിയറുടെ ജോലി വാഗ്ദാനം നൽകി രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി മാനേജറായ മൂവാറ്റുപുഴ സ്വദേശി തെക്കുവിളവീട്ടിൽ അനിൽകുമാറിനെ ഇൻഫോപാർക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.ചോദ്യം ചെയ്യുന്നതിനായി പ്രതിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി നിരവധിപേരിൽനിന്ന് പണം കൈപ്പറ്റിയ രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.