കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിൽ യുവാക്കളെ മുന്നണിയിൽ കൊണ്ടുവരുവാൻ ലൈബ്രറികൾ പ്രയത്നിക്കണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും മുന്നോട്ടു നയിച്ച സമൂഹത്തെ പിന്നോട്ട് കൊണ്ടുപോകുന്ന ശക്തികൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ യുവാക്കൾ ഏറ്റെടുക്കണം. അവയെ ഏകോപിപ്പിക്കാൻ ലൈബ്രറി കൗൺസിലിന് കഴിയണമെന്നും സാനു പറഞ്ഞു. ലൈബ്രറി കൗൺസിലിന്റെ ജന ചേതന യാത്രയ്ക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ. സാനുവിനെയും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ഡോ. എം. തോമസ് മാത്യുവിനെയും ആദരിച്ചു.ഇ.എം.എസ് പുരസ്‌കാരം ലഭിച്ച മുളന്തുരുത്തി പബ്ലിക് ലൈബ്രറിയ്ക്ക് സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്ടനുമായ വി.കെ. മധു ഉപഹാരം നൽകി.