കോലഞ്ചേരി: വേഷം മാറി എത്തിയ പൊലീസ് അനധികൃത മണ്ണെടുപ്പ് സംഘത്തെ കുടുക്കി. വീട്ടൂർ തേരാപ്പാറയ്ക്ക് സമീപമാണ് സംഭവം. ശനി ഉച്ചയോടെയാണ് പൊലീസ് ജീപ്പെടുക്കാതെ സ്വകാര്യ വാഹനത്തിൽ വേഷം മാറിയെത്തിയ കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണെടുപ്പുകാരെ പിടികൂടിയത്.
പൊലീസ് സ്റ്റേഷന് സമീപവും മണ്ണെടുക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള റോഡിലും കാവലിന് ആളെ നിർത്തിയ ശേഷമാണ് മണ്ണെടുത്തിരുന്നത്. പൊലീസ് വാഹനമോ പൊലീസിനെയോ കണ്ടാൽ ഇവർ അറിയിക്കുന്നതനുസരിച്ച് ജെ.സി.ബിയും ലോറിയും മാറ്റുന്നതായിരുന്നു തന്ത്രം. ഇത് മനസിലാക്കി പൊലീസ് സ്വകാര്യ വാഹനത്തിൽ വേഷം മാറി എത്തുകയായിരുന്നു. മണ്ണെടുക്കാൻ പാസ് ഉണ്ടെന്ന് പറഞ്ഞാണ് ഇവർ നാട്ടുകാരെ കബളിപ്പിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒരു ജെ.സി.ബിയും രണ്ട് ടിപ്പറും പൊലീസ് പിടിച്ചെടുത്തു.