anwar-sadath-mla

ആലുവ: നിർദ്ദിഷ്ട കിൻഫ്ര കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച് ഭൂഗർഭ പൈപ്പ് സ്ഥാപിക്കുന്നതിന് നൽകിയ അനുമതി പി.ഡബ്ളിയു.ഡി പിൻവലിച്ച് ബി.എം.ബി.സി ടാറിംഗ് നടപടികൾ വേഗത്തിലാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

ആലുവ മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് പദ്ധതികളുടെ അവലോകന യോഗത്തിലാണ് എം.എൽ.എ ആവശ്യമുന്നയിച്ചത്. കിൻഫ്ര പദ്ധതിക്കായി വെള്ളം കൊണ്ടുപോകുന്നതിന് എടയപ്പുറം - മണലിമുക്ക് ഭാഗത്ത് കൂടി ഭൂഗർഭ പൈപ്പ് സ്ഥാപിക്കുന്നതിന് പി.ഡബ്ല്യയു.ഡി അനുമതി നൽകിയതിനാൽ ഇവിടെ റീ ടാറിംഗ് നടത്തുന്നതിന് ഫണ്ട് അനുവദിച്ചിട്ടും നടപടികളാരംഭിച്ചിട്ടില്ല. ഇതുമൂലം റോഡ് തകർന്ന് കിടക്കുകയാണ്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എടയപ്പുറത്ത് പൈപ്പിടൽ ആരംഭിച്ചെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് നിശ്ചലമായി. നിലവിൽ പൈപ്പ് ഇടലും ടാറിംഗും നടക്കുന്നില്ലെന്ന അവസ്ഥയാണ്.

എടയപ്പുറം ഭാഗത്തേക്ക് വാഹനങ്ങൾ ഓട്ടം വരുന്നില്ല. റോഡിലെ കുഴികൾ മൂലം വാഹനാപകടം ഉണ്ടായി ജനങ്ങളുടെ ജീവനാപത്തുണ്ടായാൽ പരിപൂർണ ഉത്തരവാദിത്വം പി.ഡബ്ളിയു.ഡി - കിൻഫ്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കുമെന്നും എം.എൽ.എ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

കെട്ടിടം, പാലം,

റോഡ് അവലോകനം

പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലം വിഭാഗങ്ങളിലായി വിവിധ പദ്ധതികളുടെ അവലോകനവും നടന്നു. ആലുവ നഗരത്തിലെ റോഡുകൾ പുനരുദ്ധാരണം നടത്തി ഫുട്പാത്തുകൾ ടൈൽ വിരിച്ച് കൈവരികൾ സ്ഥാപിക്കുന്നതിനായി പദ്ധതി തയ്യാറാക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിപോർട്ട് എയർപോർട്ട് റോഡിൽ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ രണ്ടാംഘട്ട ഭൂമിയേറ്റെടുക്കുന്നത് വൈകുന്നതിൽ എം.എൽ.എ പ്രതിഷേധിച്ചു.

ദേശം വല്ലംകടവ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ റീ ടാറിംഗ്, ആലുങ്കൽ കടവ് പാലം അപ്പ്രോച്ച് റോഡ്, പാറപ്പുറം വല്ലംകടവ് പാലം, അത്താണി ചുങ്കം ഗ്യാസ് ഗോഡൗൺ വളവ് സ്ഥലം ഏറ്റെടുക്കൽ, പുറയാർ റെയിൽവേ ഓവർബ്രിഡ്ജ്, കാരക്കാട്ട്കുന്ന് - പൊയ്ക്കാട്ടുശേരി റോഡ് ബി.എം.ബി.സി റീടാറിംഗ് എന്നീ പദ്ധതികളിലെ കാലതാമസം ഒഴിവാക്കും. പെരുമ്പാവൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ഉടൻ റീ ടാറിംഗ് ചെയ്യാമെന്ന് ഹൈക്കോടതിയിലും ജനങ്ങൾക്കും നൽകിയ ഉറപ്പ് പാലിക്കാത്തതിൽ എം.എൽ.എ പ്രതിഷേധിച്ചു.

കിൻഫ്ര കുട്ടിവെള്ള പദ്ധതി:
ജനകീയ പ്രതിഷേധം ഏറ്റെടുക്കാൻ യു.ഡി.എഫ്

കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരായ ജനകീയ സമരം യു.ഡി.എഫ് ഏറ്റെടുക്കും. റോഡിന്റെ മധ്യഭാഗത്ത് കൂടെ ഭീമൻ പൈപ്പിടുന്നതിനെതിരെയാണ് ജനം രംഗത്ത് വന്നതെങ്കിലും പിന്നീട് പെരിയാറിലെ ജലമൂറ്റലും വിഷയമായി. പെരിയാറിലെ ജലലഭ്യതയെയെയും ആശങ്കപ്പെടുത്തുന്നത്ര വെള്ളമാണ് കിൻഫ്രക്കായി ഊറ്റാൻ ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ള ജലവിതരണത്തെയും ബാധിക്കുമെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ രഹസ്യമായി പങ്കുവെയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നത്.