k

കുറുപ്പംപടി : പെരുമ്പാവൂർ ബൈപാസുമായി ബന്ധപ്പെട്ട് നാറ്റ് പാക്ക് തയ്യാറാക്കിയ റിപ്പോർട്ട് ഈ ആഴ്ച്ച തന്നെ സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള പഠനം പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.സി റോഡിന് കുറുകെ ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്തെ വിന്യാസം സംബന്ധിച്ചാണ് നാറ്റ് പാക്ക് പഠനം നടത്തിയത്. തിരുവനന്തപുരത്ത് കിഫ്ബി പദ്ധതി ഡയറക്ടറുടെ ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ബൈപ്പാസിന്റെ രണ്ട് ഘട്ടങ്ങളുടെയും ടോപ്പോഗ്രഫിക് സർവേ നടന്നുകൊണ്ടിരിക്കുകയാണ്. ചതപ്പു നിലങ്ങളിൽ നാലു വരിയിൽ എലിവേറ്റഡ് പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ബൈപ്പാസിന്റെ ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. ഏറ്റെടുത്ത ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കലും കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തികളും ആരംഭിക്കുകയാണെന്നും പറഞ്ഞു. എം.സി റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ എത്തിയ സ്ഥിതിക്ക് പെരുമ്പാവൂർ നിർദ്ദിഷ്ട ബൈപ്പാസുമായി സന്ധിക്കുന്നിടത്ത് ഗ്രേഡ് ജംഗ്ഷൻ അല്ലെങ്കിൽ ഗ്രേഡ് സെപ്പറേറ്റ് ജംഗ്ഷൻ ഇവയിൽ ഏതാണ് അഭികാമ്യം എന്നുള്ള പഠനവും ഇതോടൊപ്പം പൂർത്തിയാവും.

എലിവേറ്റഡ് പാതയായി പ്രധാന ജംഗ്ഷനിൽ ബൈപ്പാസ് കടന്നുപോകുമെന്നാണ് നിലവിലുള്ള സൂചന. ബൈപ്പാസിൻെറ മണ്ണ് പരിശോധന ഈയാഴ്ച ആരംഭിച്ചു. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 2016 ന് ശേഷം വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി 31ന് മുമ്പ് സമർപ്പിക്കാൻ നാറ്റ്പാക്കിന് കിഫ്ബി നിർദ്ദേശം നൽകി. കിഫ്ബി പദ്ധതി ഡയറക്ടർ, ചീഫ് ആർക്കിടെക്റ്റ്മാർ, എൻജിനിയർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .