പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ 2021 -22 വർഷത്തെ പൊതുയോഗം തർക്കത്തെ തുടർന്ന് ഇടക്കുവച്ച് പിരിച്ചുവിട്ടു. പ്രസിഡന്റ് കെ. ശിവശങ്കരന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ രാവിലെ പത്ത് മണിക്ക് പാലിയം ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതുയോഗം നടന്നത്.
യോഗം ആരംഭിച്ച് അജണ്ട വായിച്ചതിന് ശേഷം ഇടതുപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ഒരു വിഭാഗം 2020-2021, 2021 -2022 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് തർക്കം ഉന്നയിച്ചു.
2020- 21ലെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും 2021 -22ലെ ഓഡിറ്റ് റിപ്പോർട്ട് സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റ് ചെയ്ത് ലഭിച്ചിട്ടില്ലെന്നും അദ്ധ്യക്ഷൻ അറിയിച്ചു. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാതെ പൊതുയോഗം തുടരാൻ അവനുവദിക്കില്ലെന്ന് ഒരുവിഭാഗം ഉന്നയിച്ചു.
ഭരണപക്ഷത്തെ അംഗീകരിക്കുന്നവർ യോഗം തുടരണമെന്നും ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ അദ്ധ്യക്ഷൻ യോഗം പിരിച്ചുവിട്ടു. വായ്പ നൽകിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അന്വേഷണത്തിന് മുവാറ്റുപുഴ വിജിലൻ കോടതി ഉത്തരവിട്ടിരുന്നു. ബാങ്കിൽ വായ്പാ നൽകിയതിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ഏതൊരു അന്വേഷണവും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് കെ. ശിവശങ്കൻ പറഞ്ഞു.
വ്യാജപരാതികൾക്ക് പിന്നിൽ ബാങ്കിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വാർഷിക പൊതുയോഗം സംബന്ധിച്ചുള്ള തുടർനടപടികൾ നിയമോപദേശം ലഭിച്ചതിന് ശേഷം തിരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.