തൃക്കാക്കര: സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ റണ്ണിംഗ് ടൈം കൂട്ടണമെന്ന് ഉമാ തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്. മത്സരയോട്ടം കാരണം നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗംനിർദേശിച്ചു. ജില്ലയിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശമുയർന്നു. പൈപ്പ് ഇടുന്നതിനായി വാട്ടർ അതോറിറ്റി പൊളിക്കുന്ന റോഡുകൾ സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊളിക്കുന്ന റോഡുകളും യഥാസമയം പുനനിർമ്മിക്കണം. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ ധാരണയുണ്ടാകണമെന്നും യോഗം നിർദേശിച്ചു.വൈപ്പിൻ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച എട്ട് കോടി രൂപയുടെ വിനോദ സഞ്ചാര വികസന പദ്ധതികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഗോശ്രീ പാലങ്ങളുടെ തകർന്നുകിടക്കുന്ന കൈവരികൾ അറ്റകുറ്റപ്പണി നടത്തുന്നതിന് ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്ന് ജിഡ അറിയിച്ചു.