
കൊച്ചി: പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് കൊച്ചി നഗരം. പാട്ടും ഡാൻസുമായി പടക്കംപൊട്ടിച്ചും 2023ന് ആഘോഷപൂർവമായ വരവേല്പാണ് നൽകിയത്. കൊവിഡ് ലോക്ഡൗണിൽ മുങ്ങിപ്പോയ രണ്ട് വർഷത്തിനു ശേഷമെത്തിയ പുതുവർഷം കനത്ത സുരക്ഷയിലും നഗരം ആഘോഷമാക്കി. പ്രമുഖ ഹോട്ടലുകളിൽ ഡി.ജെ.പാർട്ടികളും സംഗീതവിരുന്നുകളും നടന്നു.
അതിക്രമങ്ങളും പൂവാല ശല്യവും തടയാൻ വനിതാ പൊലീസ് ഉൾപ്പെടെ മഫ്തിയിലായിരുന്നു പട്രോളിംഗ്. നാല് അസി. കമ്മിഷണർമാർ, പത്ത് ഇൻസ്‌പെക്ടർമാർ, എസ്.ഐ, എ.എസ്.ഐമാർ, 700 പൊലീസുകാർ എന്നിവരടങ്ങിയ സംഘത്തിനായിരുന്നു ക്രമസമാധാനപാലനച്ചുമതല.