crf

കോലഞ്ചേരി: പുതുവർഷത്തിൽ പുത്തൻ സ്വപ്നങ്ങൾ കണ്ട് മാനവരാശിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രൊഫ. സി.എം. മാത്യു പറഞ്ഞു. അന്ധാകാരാവൃതവും അജ്ഞാതവുമായ ഭൂമിയിൽ ജീവിക്കാൻ വെളിച്ചമായ ക്രിസ്തുവിനെ കൂട്ടുപിടിക്കണം. കോലഞ്ചേരി ഞാ​റ്റുംകാലായിൽ ഹിൽടോപ്പിൽ ആരംഭിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 47-ാമത്‌ രാജ്യാന്തര സുവിശേഷ മഹായോഗത്തിന്റെ സമാപനദിവസത്തിൽ സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കുരിശിൽ തുറന്ന വിശുദ്ധവഴിയിലൂടെ വചനപ്രകാരം യാത്ര ചെയ്യണമെന്നും കുരിശിന്റെ ചുവട്ടിൽ ആദ്യപാദം വച്ച്‌ സ്‌നേഹം വാരി വിതറിക്കൊണ്ട് പുതുവർഷത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.30 ന് അമൃതധാരയുടെ ഗാന ശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾക്ലാസും വൈകിട്ട് 5.30 ന് അമൃതധാരയുടെ ഗാനശുശ്രൂഷയും നടന്നു. ഡോ. എബ്രാഹം പി. സാം, ഡോ. ജോസഫ്‌ ബേബി, ജോസഫ്‌ ജോൺ, ജോബി പി. ബാബു, യു.​ടി. ജോർജ് തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷ സന്ദേശവുമുണ്ടായിരുന്നു. 27ന് ആരംഭിച്ച രാജ്യാന്തര സുവിശേഷ മഹായോഗത്തിൽ വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും സഭാവ്യത്യാസം കൂടാതെ ധാരാളം പേർ സംബന്ധിച്ചു.