binale

കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് എല്ലാ മേഖലയിലും ലോകം ഉണരുമ്പോൾ കേരളം പൂർവാധികം ശക്തിയോടെ ആഘോഷപൂർവം അതിനൊപ്പം സഞ്ചരിക്കുകയാണ്. കേരളം ലോകത്തിനു സമർപ്പിക്കുന്ന ഓരോ കാഴ്ചയും അനുഭവവും ആതിഥ്യമര്യാദയുടെ ആഘോഷംകൂടിയായി മാറുന്നത് ഈ ഒരുമയിലൂടെയാണ്. കായലോരങ്ങളുടെയും ഹിൽസ്റ്റേഷനുകളുടെയും കടലോരങ്ങളുടെയും കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന ടൂറിസം സാദ്ധ്യതകളിൽ നിന്ന് കലയുടെയും സംസ്‌കാരത്തിന്റെയും പുതിയൊരു തലത്തിലേക്ക് കേരളം സഞ്ചരിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല.

നമ്മുടെ സ്വന്തം ചലച്ചിത്രോത്സവവും നാടകോത്സവവും സാഹിത്യോത്സവവുമെല്ലാം ഇന്ന് ആയിരക്കണക്കിനു വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരത്തെ കഥകളിയും വള്ളംകളിയും തെയ്യവും മറ്റും മാത്രമായി ഒതുക്കാതെ അതിനെ കൂടുതൽ വിശാലമാക്കുകയാണ് കേരള ടൂറിസം. അത്തരം ശ്രമങ്ങളിൽ പ്രധാനമാണ് കൊച്ചി മുസിരിസ് ബിനാലെ. കൊവിഡ് കാരണം കഴിഞ്ഞ തവണ ബിനാലെ മുടങ്ങിയെങ്കിലും പൂർവാധികം ശക്തിയോടെ ഇത്തവണ തിരിച്ചുവരികയാണ്. ബിനാലെ എന്ന സങ്കല്പം 2011-ലെ ഇടതു സർക്കാരിന്റെ കാലത്ത് കേരളം മുന്നോട്ടുവച്ചത്,​ കലാകാരന്മാർക്ക് പ്രോത്സാഹനത്തിനും കേരളത്തെ സമകാല കലയുമായി പരിചയപ്പെടുത്തുന്നതിനും അപ്പുറം വിശാലമായ ടൂറിസം സാദ്ധ്യതകൾ കൂടി ലക്ഷ്യമിട്ടായിരുന്നു. ഹെറിറ്റേജ് ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള മുസിരിസ് പ്രദേശവും ഫോർട്ട് കൊച്ചിയും ബിനാലെയുടെ കേന്ദ്രസ്ഥാനമായി തെരഞ്ഞെടുത്തതും അതുകൊണ്ടു തന്നെ.

ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേ നടത്തിപ്പുകാരും ഓട്ടോ തൊഴിലാളികളും തട്ടുകടക്കാരും മുതൽ നക്ഷത്ര ഹോട്ടലുകൾ വരെ ബിനാലെയിലൂടെ നേട്ടമുണ്ടാക്കുന്നു. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തിയാണ് സ‍ഞ്ചാരികൾ യാത്രാപദ്ധതി തയ്യാറാക്കുന്നത്. ഫോർട്ട് കൊച്ചി തീരത്തെ ചീനവല മുതൽ സെന്റ് ഫ്രാൻസിസ് പള്ളിയും മട്ടാഞ്ചേരി സിനഗോഗും കൊട്ടാരവുമൊക്കെ എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഈ ചരിത്രസ്‌മാരകങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും വന്നുതുടങ്ങിയതിനു പിന്നിൽ ബിനാലെയ്ക്ക് വലിയ പങ്കുണ്ട്. ഫോർട്ട് കൊച്ചിയിലെ മത്സ്യവിഭവങ്ങൾ മുതൽ മട്ടാഞ്ചേരിയിലെ കായിക്കായുടെ ബിരിയാണി വരെ ഇന്ന് സഞ്ചാരികൾക്ക് സുപരിചിതം!


സാധാരണക്കാർക്ക് ദഹിക്കില്ലെന്ന് പൊതുവെ പറയപ്പെട്ടിരുന്ന സമകാല കലകളെ ജനകീയമാക്കുന്നതിൽ കേരള ടൂറിസം വലിയ പങ്കു വഹിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 'ആർട്ടീരിയ' എന്ന പേരിൽ സ‍ഞ്ചാരികൾക്ക് മുഴുവൻ ദിവസവും ആസ്വദിക്കാവുന്ന ഓപ്പൺ ചിത്രകലാ ഗാലറി ഒരുക്കിയത് കേരള ടൂറിസമാണ്. ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാ‌ഡമിയുമായി ചേർന്ന് കാസർകോട്ട് മറ്റൊരു ചിത്രച്ചുവർ ഒരുക്കുന്നുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ 65- 70 ശതമാനവും ആഭ്യന്തര സഞ്ചാരികളാണ്. കൊവിഡ് മൂലം വിദേശ സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് നികത്താൻ ബിനാലെ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ നമുക്കു സാധിക്കും. സഞ്ചാരികൾ ഇവിടെ ചെലവിടുന്ന സമയം അവർക്ക് നല്ല അനുഭവം കൂടിയായി മാറിയാൽ കൂടുതൽ പേർ കൂടുതൽ തവണ ഇവിടേക്കെത്താനും,​ ടൂറിസത്തിലൂടെ വിവിധ മേഖലകളിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ തോതും മൂല്യവും വർദ്ധിക്കാനും വഴിയൊരുങ്ങും. സംസ്ഥാനത്തിന്റെ സാമൂഹിക,​ സാമ്പത്തിക വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നതിൽ ബിനാലെയ്ക്കുള്ള പങ്ക് വലുതാണ്.