
കൊച്ചി: നവംബറിൽ ആഭ്യന്തര റീട്ടെയിൽ വാഹനവിപണി രേഖപ്പെടുത്തിയത് മലിനീകരണനിയന്ത്രണ ചട്ടമായ ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്ക് ചുവടുവച്ചശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വില്പന.
2021 നവംബറിലേതിനേക്കാൾ 25.71 ശതമാനം വളർച്ചയുമായി 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം എല്ലാശ്രേണികളിലുമായി റോഡിലെത്തിയത്. 18.93 ലക്ഷം വാഹനങ്ങളായിരുന്നു 2021 നവംബറിലെ വില്പന. 2020 നവംബറിലെ 19.66 ലക്ഷം യൂണിറ്റുകളേക്കാൾ 21.05 ശതമാനവും 2019 നവംബറിലെ 23.44 ലക്ഷം യൂണിറ്റുകളേക്കാൾ 1.52 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ വില്പന.
എല്ലാ വാഹനശ്രേണികളും കഴിഞ്ഞമാസം വില്പനനേട്ടം കുറിച്ചുവെന്ന നേട്ടവുമുണ്ട്. ഉത്സവകാലം, ഡിസംബറിലേക്കും നീളുന്ന വിവാഹസീസൺ, സെമികണ്ടക്‌ടർ (മൈക്രോചിപ്പ്) ക്ഷാമത്തിലുണ്ടായ അയവുമൂലം ഉത്‌പാദനത്തിലും വിതരണത്തിലുമുണ്ടായ ഉണർവ് എന്നിവ വില്പനവർദ്ധനയ്ക്ക് സഹായകമായെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.