
മലപ്പുറം: പെട്രോൾ വില കുതിച്ചുയരുമ്പോൾ ജില്ല ടോപ് സ്പീഡിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക്. കീശ ചോരില്ല. മലിനീകരണം ഇല്ല. വമ്പൻ കമ്പനികൾ ആധുനിക ഫീച്ചേഴ്സ് ഉള്ള ഇ-വാഹനങ്ങൾ ഇറക്കുന്നു. കെ.എസ്.ഇ.ബിയും അനർട്ടും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുമ്പോൾ ചാർജ് തീർന്ന് വഴിയിൽ കിടക്കുമെന്ന ആശങ്കയും ഇല്ല. ഇതോടെ കഴിഞ്ഞ വർഷത്തേതിന്റെ നാലിരട്ടി ഇ - വാഹനങ്ങളാണ് ജില്ലയിലെ നിരത്തിലിറങ്ങിയിട്ടുള്ളത്. ജനുവരി ഒന്നു മുതൽ ഡിസംബർ 27 വരെ 5,845 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ 5,210 എണ്ണം ഇരുചക്രവാഹനങ്ങളാണ്. 352 ലൈറ്റ് മോട്ടോർ വെഹിക്കിളും 132 മുച്ചക്ര വാഹനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ഇ - വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിന് കീഴിലാണ് . 1,045 എണ്ണം. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ 1,659 ഇലക്ട്രിക് വാഹനങ്ങളേ നിരത്തിൽ ഇറങ്ങിയിരുന്നുള്ളൂ.
കെ.എസ്.ഇ.ബി 118 പോൾ മൗണ്ടഡ് ചാർജ്ജിംഗ് പോയിന്റുകളും മൂന്ന് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു നിയോജക മണ്ഡലത്തിൽ അഞ്ച് വീതം പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകളാണ് സ്ഥാപിക്കുന്നത്. എന്നാൽ ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഇതിൽ കൂടുതൽ ചാർജ്ജിംഗ് പോയിന്റുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്
നിയോജകമണ്ഡലം - പോൺമൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകൾ
കൊണ്ടോട്ടി - 8
നിലമ്പൂർ - 8
മഞ്ചേരി -8
മങ്കട - 7
വേങ്ങര - 7
തിരൂരങ്ങാടി - 8
തിരൂർ - 7
തവനൂർ - 6
ഏറനാട് - 7
വണ്ടൂർ - 7
പെരിന്തൽമണ്ണ - 7
മലപ്പുറം - 7
വള്ളിക്കുന്ന് - 9
താനൂർ - 6
കോട്ടയ്ക്കൽ - 8
പൊന്നാനി - 8
ഇലക്ട്രിക് കേരളം
36,260 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ 30,971എണ്ണം ഇരുചക്രവാഹനങ്ങളാണ്. 3,626 ലൈറ്റ് മോട്ടോർ വെഹിക്കിളും  2,167 മുച്ചക്രവും 40 ഹെവി പാസഞ്ചർ വാഹനങ്ങളുമാണ്. കഴിഞ്ഞ വർഷം 8,722 ഇലക്ട്രിക് വാഹനങ്ങളേ ഇറങ്ങിയിരുന്നുള്ളൂ.
ആർ.ടി ഓഫീസ് - രജിസ്റ്റർ ചെയ്ത ഇ-വാഹനങ്ങൾ
കൊണ്ടോട്ടി - 786
മലപ്പുറം - 1,022
നിലമ്പൂർ - 667
പെരിന്തൽമണ്ണ - 811
പൊന്നാനി - 479
തിരൂരങ്ങാടി - 1,045
തിരൂർ - 1,035