pele

കാറ്റ് നിറച്ച പന്തുകൊണ്ട് ലോകത്തെ മുഴുവൻ കാൽക്കീഴിലാക്കിയ പെലെയെന്ന ഇതിഹാസത്തിന്റെ കളിയാട്ടത്തിൽ ഇന്ത്യൻ മണ്ണും ത്രസിച്ചിട്ടുണ്ട്. ഒന്നിലധികം തവണ പെലെ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കളിക്കാരനായി നാല് ദശാബ്ദം മുൻപുള്ള ആ രാജകീയ വരവ് ഇവിടത്തെ ഫുട്ബാൾ ആരാധകർ ഒരിക്കലും മറക്കില്ല.

1977 സെപ്തംബർ 24ന് ഇന്ത്യൻ ഫുട്ബാളിന്റെ മെക്കയായ കൊൽക്കത്തയിലെ ഈഡൻഗാർഡസ് മൈതാനത്ത് അമേരിക്കൻ ക്ലബായ ന്യൂയോർക്ക് കോസ്‌മോസിനായി മോഹൻ ബഗാനെതിരെയാണ് പെലെ പന്തു തട്ടാനിറങ്ങിയത്. ന്യൂയോർക്ക് കോസ്മോസിന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായുള്ള സൗഹൃദ മത്സരമായിരുന്നു ഇത്. അനശ്വരമായ കരിയറിന്റെ അവസാന നാളുകളിലായിരുന്നു പെലെയുടെ ഇന്ത്യയിലേക്കുള്ള വരവ്. മൂന്നു ലോകകപ്പുകൾ ഉയർത്തിയ ബ്രസീലിന്റെ ജേഴ്സിയും തന്നെ താനാക്കിയ സാന്റൊസിന്റെ കുപ്പായവും അദ്ദേഹം അഴിച്ചുവച്ചിട്ട് അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞിരുന്നുവെങ്കിലും കാൽപ്പന്തുകളിയിലെ ഒരേഒരു രാജാവിന് അതിഗംഭീര വരവേൽപ്പാണ് കൊൽക്കത്ത നൽകിയത്. ആദ്യ ഭാര്യ റോസ്‌മേരിയും പെലെയ്ക്ക് ഒപ്പമുണ്ടായിരുന്നു.

'ടോക്കിയോയിൽ നിന്ന് കോസ്മോസ് ടീമിനൊപ്പമെത്തിയ പെലെയെ വരവേൽക്കാൻ ഡംഡം വിമാനത്താവളത്തിന് മുന്നിൽ സ്ത്രീകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. മൂന്ന് ലോകകപ്പുകൾ ഉയർത്തിയ ഒരേയൊരു താരത്തെ ഒരുനോക്കുകാണാൻ അദ്ദേഹത്തിന് താമസമൊരുക്കിയ സെൻട്രൽ കൊൽക്കത്തയിലെ ഹോട്ടലിന് മുന്നിലും ജന സാഗരമായിരുന്നു.'- ഫുട്ബാൾ ചരിത്രകാരനായ നോവി കപാഡിയ തന്റെ പുസ്തകമായ ബെയർഫൂട്ട് ടു ബൂട്ട്സിൽ പെലെയുടെ വരവിനെ ഇങ്ങനെയാണ് വിവരിച്ചത്.

പെലെയിറങ്ങി

തൊണ്ണൂറായിരത്തോളം പേരാണ് പെലെയുടെ കളികാണാനായി ഈഡൻഗാർഡനിലെ ഗാലറിയിൽ തിങ്ങി നിറഞ്ഞത്. മഴയിൽചെളിയായ ഈഡൻ ഗാർഡനിൽ പെലെ കളിക്കാനിറങ്ങുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും താരം ആരാധകരെ നിരാശരാക്കിയില്ല. ആദ്യംമുതൽ തന്നെ പെലെ കളത്തിലിറങ്ങി. പെലെയെക്കൂടാതെ 1970ൽ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്ടൻ കാർലോസ് ആൽബർട്ടോ, ഇറ്റാലിയൻ താരം ജ്യോർജിയോ ചിനാഗ്ലിയ, യുഗോസ്ലാവിയക്കാരൻ ദിമിത്രിദേവിച്ചുമെല്ലാം ഉൾപ്പെട്ട കരുത്തുറ്റ താരനിരയായിരുന്നു കോസ്മോസിനായി അണിനിരന്നത്. മുൻഇന്ത്യൻ നായകൻ പി.കെ ബാനർജി പരിശീലിപ്പിച്ച ബഗാൻ ടീമും നിസാരക്കാരല്ലായിരുന്നു. ഇന്ത്യയിലെ അന്നത്തെ പ്രമുഖ താരങ്ങളായ ഗൗതം സർക്കാർ, സുഭാഷ് ഭൗമിക്ക്, ശ്യാം ഥാപ്പ,ശിബാജി ബാനർജി, ഇന്ത്യൻ പെലെയെന്ന് അറിയപ്പെട്ട മുഹമ്മദ് ഹബിബ് എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ബഗാൻ നിര. കാണികൾ മാത്രമല്ല കളിക്കാരും പെലെയെക്കണ്ട് മതിമറന്ന് നിൽക്കുകയായിരുന്നു. പെലെയെ നോക്കിനിന്ന തങ്ങൾ മത്സരത്തിന് മുമ്പ് വാംഅപ്പ് ചെയ്യുന്ന കാര്യംപോലും മറന്ന് പോയെന്ന് ശ്യാംഥാപ്പ പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാൽ കളിക്കളത്തിൽ പെലേയേയും ടീമിനെയും ഞെട്ടിച്ച ബഗാൻ 2-2ന് വിജയതുല്യ സമനിലനേടി.

ചെളി നിറഞ്ഞ മൈതാനത്ത് തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ പെലെയ്ക്ക് ആയില്ല. ഗൗതം സർക്കാരിന്റെ കൃത്യമായ മാർക്കിംഗും പെലെയ്ക്ക് തലവേദനയായി. എന്നാൽ പതിനേഴാം മിനിട്ടിൽ കാർലോസ് ആൽബർട്ടോ നേടിയ ഗോളിന് ത്രൂപാസ് നൽകിയത് പെലെയായിരുന്നു. ഗോളിലേക്കുള്ള പെലെയുടെ ഷോട്ടുകൾക്ക് മുന്നിൽ ബഗാൻ ഗോളി ഷിബാജി ബാനർജി വിലങ്ങ് തടിയായി. മത്സരത്തിൽ മുഴുവൻ സമയവും പെലെ കളിച്ചുമില്ല. കോസ്‌മോസ് ആദ്യഗോൾ നേടിയതിന് പിന്നാലെ ശ്യാം ഥാപ്പ ബഗാന് സമനില സമ്മാനിച്ച ഗോളിന് അസിസ്റ്റ് നൽകിയതും ബഗാന്റെ രണ്ടാം ഗോൾ നേടിയതും ഇന്ത്യൻ പെലെയെന്ന് അറിയപ്പട്ട മുഹമ്മദ് ഹബിബാണ്. മത്സരശേഷം ഹബിബിനെ അഭിനന്ദിക്കാൻ അദ്യം എത്തിയത് പെലെയായിരുന്നു. നിങ്ങൾക്കൊപ്പം കളിക്കാനായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ് പെലെ ഹബിബിനെ കെട്ടിപ്പിടിച്ചു. പെലെയുടെ പ്രാെഫഷണൽ ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ മത്സരത്തിന് തൊട്ടുമുൻപുള്ള മത്സരം കൂടിയായിരുന്നു ഇത്.