തൊടുപുഴ: സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉത്തരവുണ്ട് പക്ഷ നടപ്പിലാകുന്നില്ലെന്ന് മാത്രം. ഉത്തരവ് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ഭരണകേന്ദ്രം ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളിൽ പോലും നടപ്പാക്കാൻ അധികാരികൾ തയ്യാറാകത്തത് തങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് വിവിധ ഭിന്നശേഷി സംഘടനാ ഭാരവാഹികൾ പറയുന്നു. കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷനുകൾ, താലൂക്ക് ഓഫീസുകൾ, വില്ലേജ്, പഞ്ചായത്ത്, നഗരസഭ ഓഫീസുകൾ മറ്റ് സർക്കാർ അർദ്ധ സർക്കാർ ഓഫീസുകൾ എല്ലാം കൂടി അഞ്ഞൂറോളം ഓഫീസുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിന് പുറമേ ഭിന്നശേഷിക്കാർ ദിവസേനേ ആശ്രയിക്കുന്ന ക്ഷേമനിധി ആഫീസുകൾ. ഇവിടെയെല്ലാം ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പേരിനുമാത്രം എന്നാവും. ഭിന്നശേഷി സൗഹൃദമാകണം എന്ന ഉത്തരവിറങ്ങിയിട്ട് വർഷങ്ങളേറെയായി. പക്ഷേ ഇത് അവർക്ക് ഉപകാരപ്പെടുന്നുണ്ടോ എന്നുമാത്രം ചോദിക്കാനോ പരിശോധിക്കാനോ ഇവിടെ ആരും ഇല്ലെന്നാണ് ഭിന്നശേഷിക്കാരുടെ ആരോപണം. മിക്കയിടങ്ങളിൽ റാംപും ലിഫ്‌റ്റും മാത്രമാണ് ഭിന്നശേഷിക്കാർക്കുള്ള സൗകര്യം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.
സ്ഥിതി ദയനീയം
വിവിധ വകുപ്പുകളുടെ 50ൽ അധികം ചെറുതും വലുതുമായ ഓഫീസുകൾ പ്രവർത്തിക്കുന്ന ഭരണ സ്ഥിരാ കേന്ദ്രമായ കളക്ടറേറ്റിൽ പോലും ഭിന്നശേഷിക്കാർക്ക് വേണ്ടത്ര സൗകര്യമില്ല. ചില ഓഫീസുകളിൽ പേരിനു കസേര മാത്രം. നടക്കാൻ കഴിയാത്തവർക്ക് ചക്രകസേരയും ഇല്ല. ഇവർ നിരങ്ങിനിരങ്ങിയാണ് ഓഫീസുകളിൽ എത്താറ്. മഴപെയ്താൽ നനഞ്ഞുവേണം വരാന്തയിലെത്താൻ. വിവിധ ഓഫീസുകളിലെത്താൻ ചവിട്ടു പടി നിരങ്ങണം. ലോട്ടറി ആഫീസിലും ക്ഷേമനിധി ആഫീസിലും എത്തുന്നവർക്കും പരസഹായം തന്നെ ആശ്രയം. പല ഓഫീസുകളിലും ലിഫ്റ്റ് ഉണ്ടെങ്കിലും പലപ്പോഴും പണിമുടക്കിലാകും. താലൂക്ക് ആസ്ഥാനങ്ങളിലും മറ്റ് സർക്കാർ ഓഫീസുകളിലും ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുകയാണ്.