തൊടുപുഴ: തിർത്ഥാടകരുടെ കാത്തിരിപ്പിനൊടുവിൽ തൊടുപുഴ- പമ്പ കെ.എസ്. ആർ.ടി.സി സർവ്വീസ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷത്രത്തിന് സമിപത്തു നിന്നുമാണ് ഫാസ്റ്റ് പാസഞ്ചർ ബസ് പുറപ്പെട്ടത്. രാവിലെ 8ന് പമ്പയിൽ നിന്നും തൊടുപുഴയ്ക്ക് മടങ്ങി പോരും.തൊടുപുഴ -പാലാ - പൊൻകുന്നം വഴി പോകുന്ന ബസ് ഇതെ റൂട്ടിലൂടെയാണ് മടങ്ങിവരുന്നത്. ശബരിമല തിർത്ഥാടനം കഴിയുന്നതു വരെ ബസ് സർവ്വീസ് ഉണ്ടായിരിക്കും. എല്ലാ ദിവസവും ക്ഷത്രത്തിൽ നിന്നും തീർത്ഥാടകരുമായി തൊടുപുഴ കെ. എസ്. ആർ.ടി.സി ഡിപ്പോയിലെത്തുന്ന ബസ് രാത്രി 8 മണിക്ക് പമ്പയിലേക്ക് തിരിക്കും. നേരത്തെ മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് പമ്പയിലേക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും പ്രത്യേക സർവ്വീസ് കെ.എസ്. ആർ.ടി,സി തുടങ്ങിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ സർവ്വീസ് പീന്നീട് പുനരാരംഭിച്ചില്ല. ഇത്തവണ ശബരിമല സീസൺ തുടങ്ങിയിട്ടും സർവ്വീസ് ആരംഭിക്കാത്തത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ഇതിനെത്തുടർന്ന് തിരുവനന്തപുരം ചിഫ് ഓഫീസിൽ നിന്നും അടിയന്തിരമായി പമ്പ സർവ്വിസ് ആരംഭിക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. പി .ജെ. ജോസഫ് എം.എൽ. എ യും കെ.എസ്. ആർ.ടി.സി ചിഫ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. തൊടുപുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ തോഴുത് പമ്പയിലേക്ക് പോകുന്ന അയ്യപ്പന്മാർക്ക് ബസ് സർവ്വീസ് തുടങ്ങിയത് അനുഗ്രഹമായി.