മുതലക്കോടം: ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുര ഇന്നലെയും സംഗീത സാന്ദ്രമായിരുന്നു. ആദ്യദിനം അദ്ധ്യാപകനായിരുന്നെങ്കിൽ ഇന്നലെ തൊടുപുഴ ഗ്രേഡ് എസ്.ഐ പി.കെ. സലീമാണ് ഉച്ചഭക്ഷണത്തിനൊപ്പം മനോഹരമായ പാട്ടും വിളമ്പിയത്. ഓമനേ... നീയെന്നോമൽ എന്ന ഗാനം എസ്.ഐയുടെ സ്വരമാധുര്യത്താൽ ഏവരുടെയും ഹൃദയം കവർന്നു. കുട്ടിക്കാലത്ത് സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും കലോത്സവങ്ങളിലൊന്നും പങ്കെടുക്കാൻ സലീമിന് അവസരം ലഭിച്ചിരുന്നില്ല. മുതിർന്നപ്പോൾ ഗാനമേള ട്രൂപ്പുകളിലൂടെയാണ് സലീം തന്റെ സംഗീതമോഹം സാക്ഷാത്കരിച്ചത്. പിന്നീട് പൊലീസിൽ ജോലി കിട്ടിയെങ്കിലും ഇപ്പോഴും മൂവാറ്റുപുഴയിലെ ചില ട്രൂപ്പുകളിൽ സലീം പാടുന്നുണ്ട്. മുവാറ്റുപുഴ പുതുപ്പാടി സ്വദേശിയായ സലീം ആറ് മാസം മുമ്പാണ് തൊടുപുഴയിൽ എസ്.ഐയായെത്തിയത്.