വെള്ളച്ചിയെ അവിസ്മരണീയമാക്കി എലിസബത്ത്
മുതലക്കോടം: ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച നടിയായി കൂമ്പൻപാറ ഫാത്തിമ മാതാ എച്ച്.എസ്.എസിലെ എലിസബത്ത് വിനോ. 'മണ്ണ്' എന്ന നാടകത്തിലെ വെള്ളച്ചി എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മണ്ണിനേയും വിത്തിനേയും സംരക്ഷിക്കാനുള്ള വെള്ളച്ചിയുടെ പോരാട്ടം ഈ മിടുക്കി അരങ്ങിൽ അവിസ്മരണീയമാക്കി. പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
കഥകളിയിൽ ഇത് പുതുചരിതം
മുതലക്കോടം: ജില്ലാ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി കഥകളി ഗ്രൂപ്പ് ഇനം വേദിയിലെത്തിയത് ഈ കലോത്സവത്തിന്റെ പ്രത്യേകതയായി. കല്ലാർ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അനുപ്രിയയും അലീനയും പത്താം ക്ലാസിലെ ധനലക്ഷ്മിയുമാണ് സീതയുടെയും മക്കളായ ലവന്റെയും കുശന്റെയും സംഭാഷണവുമായി വേദിയിലെത്തിയത്. ലക്ഷങ്ങൾ ചെലവ് വരുന്ന മത്സരയിനമായതുകൊണ്ടു തന്നെ കഥകളി ഗ്രൂപ്പ് മത്സരത്തിൽ വർഷങ്ങളായി പങ്കാളിത്തം ഉണ്ടായിട്ടില്ല. മുൻ വർഷങ്ങളിൽ എപ്പോഴെങ്കിലും ഈ വിഭാഗത്തിൽ മത്സരം നടന്നിട്ടുണ്ടോ എന്ന് സംഘടകർക്കും അറിയില്ല. നെടുങ്കണ്ടം നാട്യാഞ്ജലിയിലെ നൃത്താദ്ധ്യാപിക സ്മിത രാജേഷാണ് കുട്ടികളെ മത്സരത്തിനിറക്കിയത്. കലാമണ്ഡലം അരവിന്ദ് ഗുരുവായെത്തി. വിവിധ ജില്ലകളിൽ കലോത്സവം നടക്കുന്നതിനാൽ ചമയത്തിനും പിന്നണിക്കും കലാകാരന്മാരെ കിട്ടാൻ ബുദ്ധിമുട്ടിയെന്നും സ്മിത പറയുന്നു. ഇടുക്കിയുടെ കലാചരിത്രത്തിലെ ആദ്യ ഗ്രൂപ്പ് കഥകളി മത്സരം ഒന്നാം സ്ഥാനം വാങ്ങി സംസ്ഥാന മത്സരത്തിന് ഒരുങ്ങുകയാണ്.
അടുത്തൊരു ബെല്ലോട് കൂടി...
മുതലക്കോടം: നിലവാരം കുറവായിരുന്നെന്ന് വിമർശനം ഉയർന്നെങ്കിലും കുരുന്നു പ്രതിഭകളുടെ അഭിനയ മികവ് പ്രകടമാക്കിയ വേദിയായിരുന്നു നാടകം. യു.പി വിഭാഗത്തിൽ നെടുമറ്റം യു.പി സ്‌കൂളിന്റെ 'പൂമ്പാറ്റ മീശ' എന്ന നാടകത്തിനാന്ന് ഒന്നാം സ്ഥാനം. മീശയെ അധികാര ചിഹ്നമായി കാണിച്ച് ശക്തമായ രാഷ്ട്രീയമാണ് നാടകം പങ്കു വെച്ചത്. അലീന ദിലീപ്, അശ്വതി രാജേഷ്, ദേവാഞ്ജന ഷിജോ, ആൻമേരി ടോണി, അശ്വൻ സതീഷ്, പി.എസ്. മുഹമ്മദ് അൽത്താഫ്, ശ്രേയസ് കെ. ധനീഷ് എന്നിവരായിരുന്നു അഭിനേതാക്കൾ. സജീവാണ് പരിശീലകൻ.
ഹൈസ്‌കൂൾ വിഭാഗത്തിൽ മാങ്കടവ് കാർമൽ മാതാ എച്ച്.എസ് ഒന്നാം സ്ഥാനം നേടി. സ്‌കൂളിലെ കെമിസ്ട്രി അദ്ധ്യാപികയായ സിസ്റ്റർ അമൽ ഗ്രേസാണ് നാടകം എഴുതിയത്. ലഹരിക്കെതിരെയുള്ള പോരാട്ടമായിരുന്നു നാടകം. ആൽബിൻ റോബി, യാനിക് ജിനോ, ജസ്റ്റിൻ തങ്കച്ചൻ, അൽഫോൻസ സെബാസ്റ്റ്യൻ, ആൻലിയ ജോയിമോൻ, അതുല്യ സന്തോഷ്, ആൻ തെരേസ് ബിജു, കെവിൻ ജോ റോബർട്ട്, സോനു ബെന്നി, ആൻമരിയ ബിനു എന്നിവരാണ് തട്ടിൽ കയറിയത്.
തുടർച്ചയായ ഒൻപതാം തവണയാണ് സ്‌കൂൾ നാടകത്തിന് സംസ്ഥാനത്ത് പോകുന്നത്.
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകഥയേക്കുറിച്ചായിരുന്നു കൂമ്പൻ പാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസിന്റെ 'മണ്ണ്' എന്ന നാടകം. അതിന് ഒന്നാം സ്ഥാനവും ലഭിച്ചു.
എലിസബത്ത് വിനോ, അയന ബിജു, അനുഗ്രഹ ടികോശി, എലൈൻ റോയി, ഡെൽസ റെജി, മരിയ റെജി, ഡോണ ജോസ്, ജോത്സ്‌ന മരിയ ജോൺ, ആഗ്‌നസ് ഷാജി, അയറിൻ സാറാ സജി എന്നിവരാണ് വിജയികളായത്.
കൊച്ചുത്രേസ്യയായെത്തി മികച്ച നടിയായി
മുതലക്കോടം: യു.പി വിഭാഗം നാടക മത്സരത്തിൽ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചു ആൻ മേരി ടോണി മികച്ച നടിയായി. നെടുമറ്റം ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പൂമ്പാറ്റ മീശ എന്ന നാടകത്തിൽ അഹങ്കാരം വർദ്ധിച്ചതിനെ തുടർന്ന് മീശ മുറിച്ചു മാറ്റുന്നതും തുടർന്ന് അഹങ്കാരം ഇല്ലാതാകുന്നതും ആൻ മേരി മികച്ചതാക്കി. ജില്ലയിലും ഉപജില്ലയിലും മികച്ച നടിയായി തിരഞ്ഞെടുത്ത ആൻ മേരി ടോണി തന്റെ ഒപ്പം അഭിനയിച്ച ആത്മാർത്ഥ സുഹൃത്തായ അലീന ദിലീപിന് മികച്ച അഭിനയം കാഴ്ച വെച്ചിട്ടു മികച്ച നടി സ്ഥാനം ലഭിച്ചില്ലെന്ന് പറഞ്ഞു കണ്ണീരണിഞ്ഞു.