മുതലക്കോടം: കൗമാര കലാമേളയുടെ രണ്ടാം ദിനം നൃത്ത ഇനങ്ങൾ അരങ്ങിലെത്തിയത്തോടെ കലോത്സവവേദി ആവേശത്തിൽ ആറാടുകയാണ്. ജനപ്രിയ ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങിയവയാണ് ഇന്നലെ അരങ്ങേറിയത്. ഭരതനാട്യം, കുച്ചുപ്പുടി, നങ്ങ്യാർകൂത്ത് എന്നിവയിൽ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. പല പ്രകടനങ്ങളും കാണികളിൽ ആവേശം വിതറി. പാരിഷ് ഹാളിലെ ഒന്നാം വേദിയിൽ നടന്ന ഭരതനാട്യം വേദിയിൽ പതിവ് പോലെ മത്സര ഫലം വൈകിയതിന്റെ പേരിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. സംഘാടകരും പൊലീസും ഇടപെട്ടാണ് ബഹളം നിയന്ത്രിച്ചത്. എന്നാൽ കുച്ചുപ്പുടി, കഥകളി, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിലെ നിലവാര തകർച്ച കാണികളിൽ നിരാശ പടർത്തി. നാടക മത്സരത്തിലെ നിലവാര തകർച്ചയെ കുറിച്ച് വിധി കർത്താക്കൾ പോലും പരാമർശിക്കുന്ന സാഹചര്യമുണ്ടായി. പല ഇനങ്ങൾക്കും മത്സരാർത്ഥികളുടെ എണ്ണക്കുറവും കല്ലുകടിയായി. അതോടൊപ്പം നാടക മത്സരത്തിനൊഴികെ മറ്റ് വേദികളിൽ കാണികളും കുറവായിരുന്നു. ഒരുക്കത്തിനായി രണ്ട് ലക്ഷത്തോളം രൂപാ ചിലവ് വരുന്നതിനാൽ കഥകളി മത്സരങ്ങളിൽ രണ്ട് വിഭാഗങ്ങളിലും ഒരു മത്സരാർത്ഥി വീതമാണ് ഉണ്ടായിരുന്നത്. ഇത് മത്സരത്തിന്റെ മാറ്റ് കുറയ്ക്കാനിടയാക്കി. മറ്റ് ഇനങ്ങളിലും മത്സരാത്ഥികൾ കുറവായിരുന്നു. യോഗ്യത ലഭിച്ചിട്ടും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളുമുണ്ട്. ഇതിന് പ്രധാന കാരണം കൊവിഡ് തീർത്ത രണ്ട് വർഷത്തെ ഇടവേളയാണെന്ന് അദ്ധ്യാപകരും പരിശീലകരും ഒരേ പോലെ പറയുന്നു. വേണ്ടത്ര പരിശീലനം കിട്ടാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ആത്മവിശ്വാസക്കുറവ് നേരിട്ടതായും ഇവർ പറയുന്നു.
മുന്നിൽ
തൊടുപുഴ തന്നെ
കലോത്സവം രണ്ടാം ദിനവും തൊടുപുഴ ഉപജില്ലയാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ തൊടുപുഴയ്ക്ക് 151 പോയിന്റുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിലും ഒന്നാമതാണ് 166 പോയിന്റ്. ഇരു വിഭാഗത്തിലും കട്ടപ്പന തൊട്ടുപിന്നിലുണ്ട്.
യു.പി വിഭാഗത്തിൽ അടിമാലി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 67 പോയിന്റുണ്ട്. തൊടുപുഴയാണ് രണ്ടാമത്.
സ്‌കൂൾതലത്തിൽ യു.പി വിഭാഗത്തിൽ മറയൂർ എസ്.എം.യു.പി.എസ്, വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ്, കൂമ്പൻപാറ ഫാത്തിമമാത ജി.എച്ച്.എസ്.എസ്, മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസ്, വണ്ടൻമേട് എസ്.എ.എച്ച്.എസ്.എസ് എന്നിവർ 15 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എച്ച്.എസ് വിഭാഗത്തിൽ തുടങ്ങനാട് എസ്.ടി.എച്ച്.എസാണ് 44 പോയിന്റ് നേടി ഒന്നാമത്. ഹയർസെക്കൻഡറി വിഭാഗത്തിൽ കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ് 45 പോയിന്റുമായി ഒന്നാമതുണ്ട്.