
കട്ടപ്പന :മനക്കരുത്തിനും കഠിന പ്രയത്‌നത്തിനും മുന്നിൽ ശാരീരിക വൈകല്യങ്ങൾ വഴിമാറിയപ്പോൾ പ്രമോദിന് എത്തിപ്പെടാനായത് സ്വപ്നതുല്യമായ അംഗീകാരങ്ങളിലേക്ക്. ഏഷ്യയിൽ ഫിഫ അംഗീകാരമുള്ള ആദ്യത്തെ അംഗപരിമിത ഫുട്‌ബാൾ കോച്ചായ കഞ്ഞിക്കുഴി അൽപ്പാറ പള്ളിക്കുന്നേൽ പ്രമോദ് എന്ന മുപ്പത്തിയൊൻപതുകാരൻ ഇപ്പോൾ ഫുട്‌ബോൾ വേൾഡ് റെക്കോർഡ് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് മാസ്റ്റർ പദവിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഫുട്‌ബോളിന്റെ മുകളിൽ കയറി നിന്ന് ചെയ്യുന്ന 'സ്‌കോട്ട് 'എന്ന പ്രകടനത്തിനാണ് ഗ്രാൻഡ് മാസ്റ്റർ പദവി അടുത്തയിലടെ പ്രമോദിനെത്തേടിയെത്തിയത്.
ജനിക്കുമ്പോൾ പ്രമോദിന് ഇടതു കൈ ഇല്ലായിരുന്നു. വലതു കൈ ശോഷിച്ച് ചുരുങ്ങിയ അവസ്ഥയിലുംകൂടിയായിരുന്നു. പരിമിതികളിൽ മനം മടുത്ത് പിന്നോട്ട്പോകാൻ ആ കുഞ്ഞ് മനസ് തയ്യാറായില്ല.കഞ്ഞിക്കുഴി എസ്. എൻ. യു. പി സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് സ്കൂൾ തലത്തിൽ വിജയം നേടി. പിന്നീടെപ്പഴോ ഫുട്‌ബാളിനോട് ചങ്ങാത്തംകൂടി . കായിക താരമാകണമെന്ന അടങ്ങാത്ത ആഗ്രഹം കാലിൽ സ്വപ്നങ്ങളുടെ ചിറക് മുളപ്പിച്ചു .അതോടെ കാൽപ്പന്ത് തട്ടി മുന്നേറി. 2002ൽ എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നപ്പോൾ യൂണിവേഴ്‌സിറ്റി തലത്തിലും പിന്നീട് അന്തർ സർവ്വകലാശാല ടീമിലും അംഗമായി. ഇതിനിടെ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ സിർട്ടിഫിക്കറ്റ് നേടി അംഗപരിമിതർക്കുള്ള ഏഷ്യൻ ടീമിന്റെ പരീശീലകനുമായി. ഇടുക്കി കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്യുന്ന പ്രമോദ് വകുപ്പ് ജില്ലാ ടീമിന്റെ ക്യാപ്ടൻ കൂടിയാണ്. ഫുട്ബാൾ കൂടാതെ അന്തർസംസ്ഥാന സർവകലാശാല മാരത്തണിൽ സ്വർണം നേടിയിട്ടുണ്ട്. ഈ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഭിന്ന ശേഷിക്കാരനാണ് പ്രമോദ്. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിക്കുന്നവർക്കുള്ള എ .പി .ജെ അബ്ദുൾകലാം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇത്രത്തോളം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽ അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നതിൽ ചെറിയ പരിഭവമുണ്ടെങ്കിലും അതൊക്കെ തന്റെ ഇച്ഛാശക്തിയിൽ ഇനിയും നേടാനാകുമെന്ന ആത്മവിശ്വാസമാണ് പ്രമോദിനുള്ളത്.പിതാവ് പരേതനായ ദാസ്. മാതാവ്: ചിന്നമ്മ. ഭാര്യ: എലിസബത്ത്.