കട്ടപ്പന: നരിയംപാറ പുതിയകാവ്‌ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തികവിളക്കും ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ പൊങ്കാല മഹോത്സവം ആരംഭിക്കും. തുടർന്ന് 9.20 ന് ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എബ്രാന്തിരി ഭണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. നരിയംപാറമുതൽ ഇടുക്കിക്കവല വരെ റോഡിന്റെ വശങ്ങളിൽ ഒരുക്കുന്ന അടുപ്പിൽ ഭക്ത ജനങ്ങൾ പൊങ്കാല ഇടും. വൈകുന്നേരം 6.20 ന് ആയിരത്തിയൊന്ന് ദീപങ്ങൾ തെളിച്ചു കാർത്തിക വിളക്ക് തെളിയിക്കും. തുടർന്ന് ടി.വി സീരിയൽ നടൻ സുമേഷ് കൂട്ടിക്കൽ അവതരിപ്പിക്കുന്ന ഫ്യൂഷൻ സോങ്ങും ഉണ്ടായിരിക്കുമെന്ന് പൊങ്കാല കമ്മിറ്റി ജനറൽ കൺവീനർ ജെ.ജയകുമാർ, സുരേഷ് കുഴിക്കട്ട്, രാജേഷ് നാരായണൻ, ലെജു നെല്ലിത്താനത്ത്, അർ.പ്രകാശ് എന്നിവർ അറിയിച്ചു.