മുതലക്കോടം: ദഫ്മുട്ട് മത്സരത്തിനിടെ മത്സരാർത്ഥിയുടെ കൈ മുറിഞ്ഞു ചോര വന്നിട്ടും പിന്മാറാതെ പോരാടി ഒമ്പതാം വട്ടവും കല്ലാർ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹയർസെക്കൻഡറി വിഭാഗം ദഫ്മുട്ട് മത്സരത്തിനിടെയാണ് ഷമീർ എന്ന മത്സരാർത്ഥിയുടെ കൈ മുറിഞ്ഞു രക്തമൊഴുകിയത്. സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചുള്ള പരിശീലനത്തിനിടെയാണ് ഷമീറിന്റെ കൈയിൽ നേരിയ മുറിവുണ്ടായത്. മത്സരത്തിനിടെ മുറിവ് വലുതായി രക്തമൊഴുകുകയായിരുന്നു. കടുത്ത വേദനയിലും പിന്മാറാതെ ഷമീർ ആവേശപൂർവ്വം മത്സരം പൂർത്തിയാക്കുകയായിരുന്നു. വചസ്, നാഇഫ്, ജഗൻ, അലൻ, ആദിത്, അൻസൽ, ഷിജിനാസ്, ബാസിത്, മിഥുൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ. എല്ലാവരും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ്. പുളിയന്മല സ്വദേശി സ്വാലിഹ് സുലൈമാനാണ് പരിശീലകൻ.