തൊടുപുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൃഷി അസിസ്റ്റന്റുമാരെ തലങ്ങും വിലങ്ങും മാറ്റിയതായി പരാതി. ജില്ലയിൽ നിന്നും 26 കൃഷി അസിസ്റ്റന്റുമാരെ പാലക്കാട് മുതൽ കാസർകോട് വരെയുംകോഴിക്കോട്, കാസർഗോഡ്
വയനാട് ജില്ലകളിൽ നിന്നും ജില്ലയിലക്കു 29പേരെയുമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം മാറ്റുന്നത്. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ.
അന്തർജില്ലാ സ്ഥലംമാറ്റത്തിന് സീനിയോറിറ്റി ലിസ്റ്റ് ഇറക്കുകയും തുടർന്ന് ഓരോ ജില്ലയിലേക്കും അപേക്ഷ സമർപ്പിച്ച ജീവനക്കാരുടെ ക്യൂ ലിസ്റ്റ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് അപേക്ഷ ക്ഷണിച്ച് ജീവനക്കാർക്ക് താൽപര്യമുളള ജില്ല തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയതിനുശേഷമായിരുന്നു കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് കരട് പട്ടിക ഇറക്കിയിരിക്കുന്നത്.
രണ്ടു വർഷമായി നടക്കാതിരുന്ന കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലമാറ്റം ഏറെ സമ്മർദങ്ങൾക്ക്‌ശേഷമാണ് അധികൃതർ നടത്താൻ തുനിഞ്ഞത്. കൃഷി ഓഫീസർ അടക്കമുളളവർക്ക് ഏത് ജില്ലയും ഓഫീസും തിരഞ്ഞെടുക്കാനും അവസരം ഉണ്ടായിരിക്കെ കൃഷി അസിസ്റ്റന്റുമാർക്ക് മാത്രം ഇതിന് അവസരം നൽകാത്തത് കടുത്ത വിവേചനവും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് എതിരുമാണെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി പ്രസാദ് ആരോപിച്ചു.