മുതലക്കോടം: എച്ച് എസ് എസ് വിഭാഗത്തിൽ ഭരത നാട്യം, കുച്ചുപ്പുടി,മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ കോടിക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ദേവിക പ്രദീപ് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.നാല് വയസുള്ളപ്പോൾ മുതൽ ദേവിക കലാ,സാഹിത്യ പ്രവർത്തനങ്ങളിൽ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം ദേവികയുടെ ഇഷ്ടങ്ങൾ പരിപോഷിപ്പിക്കാൻ കഴിയാതെ വന്നു.ദേവികയേയും കുടുംബത്തിന്റെ അവസ്ഥകളേയും നേരിട്ട് മനസിലാക്കി അയൽവാസിയാത ഒരു മുത്തച്ഛനും മുത്തച്ഛിയുമാണ് തൊടുപുഴയിലുള്ള ഒരു ഡാൻസ് കേന്ദ്രത്തിൽ ചേർത്തതന്നും അതിന്റെ കടപ്പാട് ഒരിക്കലും മറക്കാൻ കഴിയില്ലന്നും ദേവിക കൂപ്പ് കൈകളോടെ പറഞ്ഞു.ദേവിക ഫോക്ക് ഡാൻസിലും ഭരത നാട്യത്തിലും മികവ് തെളിയിച്ചു.ഹൈസ്ക്കൂളിൽ എത്തിയപ്പോൾ ഭരത നാട്യം കുച്ചുപ്പുടി മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ നൽകി മികച്ച വിജയങ്ങളാണ് കരസ്ഥമാകളുന്നത്. പടിഞ്ഞാറെ കോടിക്കുളത്ത് പ്രദീപിന്റെ അമ്മ കുഞ്ഞുലക്ഷ്മിയുടെ പേരിലുള്ള വീട്ടിലാണ് ദേവികയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.പഞ്ചായത്തിൽ നിന്ന് ലൈഫിൽ ഉൾപ്പെടുത്തി വീട് നിർമിക്കാൻ നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും മൂന്ന് ലക്ഷം കൂടി ബാങ്കിൽ നിന്ന് വയ്‌പ എടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.ബാങ്കിൽ വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പലിശയും കൂട്ട് പലിശയും ചേർത്ത് ഭീമമായ തുക ബാങ്കിൽ അടക്കാനുള്ളതിനാൽ വീട് ജപ്തി ഭീഷണിയിലായ ഇവർ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത്.പ്രദീപ് തൊടുപുഴയിൽ ബാർബർ ഷോപ്പ് നടത്തുകയാണ്.ദേവികയുടെ അമ്മ രാജി സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തിരുന്നെങ്കിലും അസുഖം വന്നതിനാൽ ഇപ്പോൾ പോകുന്നില്ല.മൂത്ത സഹോദരി ഗോപിക ഡിഗ്രി കഴിഞ്ഞു ഇളയ സഹോദരി ജ്യോതിക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.