മുതലക്കോടം: ഒപ്പനയും നാടോടിനൃത്തവും തിരുവാതിരയും മിമിക്രിയുമടക്കം കലയുടെ ലഹരി പതഞ്ഞു പൊങ്ങി. മനോഹര ഇനങ്ങൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ കലോത്സവത്തിന്റെ മൂന്നാം ദിനം മധുരകിനാവിന്റെ കുടമുല്ല പൂക്കൾ വിരിഞ്ഞു.നിറപ്പകിട്ടാർന്ന മോഹിനിയാട്ടവും സംഘനൃത്തവും ഉൾപ്പെടെയുള്ളവ ആസ്വദിക്കാൻ കാഴ്ചക്കാരും ഒഴുകിയെത്തി. മിമിക്രിയുടെ നിലവാരം കുറഞ്ഞെങ്കിലും മോണോ ആക്ടിൽ മിന്നും പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചത്. ലഹരിയുടെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന വ്യത്യസ്ഥതയാർന്ന അവതരണം നടത്തി മോണോ ആക്ടിൽ മിന്നും പ്രകടനമാണ് യു.പി വിഭാഗം കുട്ടികൾ കാഴ്ച വെച്ചത്. മൂന്നാം ദിനത്തിൽ വേദിയുടെ പരിമിതിയും സാങ്കേതിക തകരാറുകളും സംഘാടകരും രക്ഷിതാക്കളുമായി ഉണ്ടായ തർക്കങ്ങളും മോഹിനിയാട്ട മത്സരങ്ങളിൽ കല്ലുകടിക്കിടയാക്കി. എസ്.ജി.എച്ച്.എസ് സ്‌കൂളിലെ വേദി നാലിലാണ് പ്രശ്‌നങ്ങൾ തലപൊക്കിയത്. മോഹിനിയാട്ട മത്സരത്തിനായി തയ്യാറാക്കിയ വേദി യോജിച്ചതല്ലെന്ന് തുടക്കത്തിലെ ആക്ഷേപം ഉയർന്നിരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥല പരിമിതിയും പ്രശ്‌നമുണ്ടാക്കി. വേദിയിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതും മത്സരാർഥികൾക്ക് പാട്ട് കേൾക്കാൻ ആവശ്യമായ ഫീഡ്ബാക്ക് സ്പീക്കർ ഇല്ലാതിരുന്നതും മൂലം മത്സരം നിശ്ചിത സമയത്തേക്കാൾ വൈകിയാണ് തുടങ്ങിയത്. പിന്നീട് സ്പീക്കറുകളിലൊന്ന് വേദിക്ക് നേരെ തിരിച്ചു വെച്ചും പുതിയ ലൈറ്റ് എത്തിച്ചും പരിഹാരം കണ്ടു. എന്നാൽ എച്ച്.എസ്.എസ് വിഭാഗത്തിലെ ആദ്യ മത്സരാർത്ഥി വേദിയിൽ കറിയതോടെ സി.ഡി പ്ലെയർ പണിമുടക്കി. പിന്നീട് മത്സരാർത്ഥിയുടെ കൂടെയെത്തിയ ആളുടെ മൊബൈൽ ഫോണിൽ നിന്നും പാട്ട് പ്ലേ ചെയ്താണ് മത്സരം നടത്തിയത്. പിന്നീട് പുതിയ പ്ലയർ എത്തിച്ചു. മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിനാൽ ഒരു മത്സരാർഥിയുടെ പ്രകടനം ഇടക്കു വെച്ച് തടസപ്പെട്ടു. പിന്നീട് ഈ കുട്ടിക്ക് അവസാനം വീണ്ടും അവസരം നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിന്റെ വിധി നിർണത്തിൽ അപാകമുണ്ടെന്ന് ആരോപിച്ച് ഒരു മത്സരാർത്ഥിയുടെ രക്ഷിതാക്കളും ബന്ധുക്കളും വിധികത്താക്കൾ ഇരിക്കുന്ന സ്ഥലത്തേക്ക് തള്ളിക്കയറിയത് തർക്കത്തിന് കാരണമായി. സംഘാടകർ 15 മിനിറ്റിലേറെ പണിപ്പെട്ടാണ് ഇവരെ മടക്കിയയച്ചത്. 1200 മത്സരാർത്ഥികളാണ് വെള്ളിയാഴ്ച മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്.