പീരുമേട്: ഏലപ്പാറഹെലിബറിയകുമിളി റോഡിലെ ഹെലിബറിയ എസ്റ്റേറ്റിനകത്ത് റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും എസ്റ്റേറ്റ് അധികൃതരുടെയും സംയുക്ത പരിശോധന നടത്താൻ തീരുമാനം. ഹെലിബറിയ എസ്റ്റേറ്റിനകത്തെ റോഡ് വീതി കൂട്ടുന്നതിന് എസ്റ്റേറ്റ് അധികൃതർ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
ഇന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. തുടർന്ന് ഭൂമി വിട്ടു നൽകൽ, കയ്യാലകളും സംരക്ഷണ ഭിത്തികളും നിർമിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള എസ്റ്റേറ്റ് അധികൃതരുടെ പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിക്കും.
റോഡ് വീതി കൂട്ടാൻ അനുവദിക്കുന്നില്ല എന്നാരോപിച്ച് മാനേജ്‌മെന്റിനെതിരെ റോഡ് വികസന സമര സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. റോഡിന് ഫണ്ട് ലഭ്യമായിട്ടും വീതി കൂട്ടാൻ കമ്പനി ഭൂമി വിട്ടുനൽകാത്തത് പ്രദേശത്ത് വലിയ ജനരോഷമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് എസ്റ്റേറ്റ് അധികൃതരെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും സമരസമതിയെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു ചോർത്തത്.
ഹെലിബറിയ എസ്റ്റേറ്റിനെ പ്രതിനിധീകരിച്ച് എ.ജി.എം, ജി.എം. എന്നിവർ പങ്കെടുത്തു. ഭൂമി വിട്ടുകൊടുക്കലുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളുടെ അനുമതി വാങ്ങണമെന്ന് എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ അറിയിച്ചതായി എ.ജി.എം.യോഗത്തെ അറിയിച്ചു. കഴിഞ്ഞ 12 വർഷത്തോളമായ സമാന വാദാഗതിയാണ് എസ്റ്റേറ്റ് അധികൃതർ ഉന്നയിക്കുന്നതെന്ന് സമരസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. എസ്റ്റേറ്റിനകത്തെ തർക്കമുള്ള 2.5 ഏക്കർ ഭാഗത്തെ റോഡിനാവശ്യമായ ഭൂമി ജനവികാരം മാനിച്ച് വിട്ടുകൊടുക്കണമന്നും റോഡ് മെച്ചപ്പെടുന്നതിന്റെ ഗുണഫലങ്ങൾ എസ്റ്റേറ്റിനും ലഭിക്കുമെന്നുംവാഴൂർ സോമൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ജില്ലയിൽ എസ്റ്റേറ്റുകൾക്ക് ഉള്ളിലൂടെ കടന്നുപോകുന്ന 6 റോഡുകൾക്ക് അതത് എസ്റ്റേറ്റ് അധികൃതർ അനുമതി നൽകിയത് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പ്രശ്‌നം സങ്കീർണമായി ക്രമാസമാധാനപ്രശ്‌നം ഉണ്ടായാൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തമെന്ന് കളക്ടറും ഓർമ്മിപ്പിച്ചു. യോഗത്തിൽ എ.ഡി.എം ഷൈജു പി. ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഭൂമി വിട്ട് നൽകിയില്ലെങ്കിൽ
ഫണ്ട് ലാപ്സാകും
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ആരംഭിച്ച റോഡ് പണിയിൽ എസ്റ്റേറ്റിനകത്തെ ഭാഗം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. കമ്പനി ഭൂമി വിട്ടുനൽകാത്തതിനാൽ ഫണ്ട് ലാപ്‌സാകുന്ന അവസ്ഥയാണ് ജനരോഷം വർദ്ധിപ്പിച്ചത്. ഏലപ്പാറ-പീരുമേട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി തകർന്ന് കിടക്കുന്നത് പ്രദേശത്തെ യാത്രാസൗകര്യത്തെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചതോടെയാണ് ജനം സമരത്തിനിറങ്ങിയത്.