ഇടുക്കി: കാർഷിക മേഖലയുമായി ബന്ധപ്പെട്ട കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കാർഷിക ഡ്രോണിന്റെ പ്രവർത്തനം പരിചയപ്പെടുത്തലും പ്രദർശനവും വട്ടവട പഞ്ചായത്തിലെ പള്ളംവയലിൽ ഏഴിന് രാവിലെ 10ന് നടക്കും. കൃഷിയിടങ്ങളിൽ കള കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും കുറഞ്ഞ അളവിൽ കൂടുതൽ ഏരിയ കവർ ചെയ്യുന്നതിനും ഈ ഡ്രോണുകൾ സഹായകമാകും. സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ നൽകി കാർഷികരംഗം സ്മാർട്ടാക്കുന്ന എസ്.എം.എ.എം പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് ഡ്രോൺ പരിശീലനം നൽകുന്നത്. കർഷക ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഡ്രോൺ വാങ്ങാൻ 50 ശതമാനം സബ്‌സിഡിയും കൃഷിവകുപ്പ് നൽകും. കർഷകർക്ക് താഴെ നിന്ന് റിമോട്ടുകൾ ഉപയോഗിച്ചു നിയന്ത്രിക്കാൻ കഴിയുന്ന ഈ ഡ്രോണുകൾ 10 മിനിറ്റ് സമയത്തിനുള്ളിൽ ഒരേക്കറിൽ വളപ്രയോഗം നടത്തും. 10 ലിറ്റർ ശേഷിയുള്ള ഡ്രോണിന് അഞ്ച് ലക്ഷത്തോളം രൂപയാണ് വില വരുന്നത്. 10 ലക്ഷം രൂപ വരെ വില വരുന്ന കാർഷിക ഡ്രോണുകൾക്ക് കർഷകർക്ക് 4.5 ലക്ഷം രൂപ വരെയും എഫ്.പി.ഒകൾക്ക് 7.5 ലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കും. കാർഷിക യന്ത്രവത്കരണ ഉപ പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശീലന പരിപാടി വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാളിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കണ്ണൻ ഉദ്ഘടാനം ചെയ്യും.