കട്ടപ്പന: സംസ്ഥാനത്ത് ഡിസംബർ ഒന്നുമുതൽ പാൽ വിലവർദ്ധന നിലവിൽ വന്നെങ്കിലും ക്ഷീരകർഷകർക്ക് അതിന്റെ നേട്ടം ഇനിയും അന്യമാണെന്ന് ക്ഷീരകർഷകർ. ലിറ്ററിന് ആറ് രൂപയാണ് കൂടിയത്. ഏറ്റവും കൊഴുപ്പുള്ള പാൽ അളന്നാൽ ക്ഷീര കർഷകന് അഞ്ചു രൂപ രണ്ട് പൈസ യാണ് ലഭിക്കും. 98പൈസ സംഘത്തിന്റെ അനുബന്ധ ചെലവുകൾക്കായി ഈടാക്കുകയാണ്. പക്ഷെ ഒരുമാസം മുൻപ് ഒറ്റയടിക്ക് കാലിത്തീറ്റയിൽ ഒരുചാക്കിന് ഇരുന്നൂറ് രൂപയുടെ വർദ്ധനവുണ്ടായത് കുറയാതെ പുതിയ പാൽവില വദ്ധനവ്കൊണ്ട് പ്രയോജനം ലഭിക്കില്ല എന്നാണ് അവരുടെ പക്ഷം. മൂന്നു വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പാൽവില വർദ്ധിക്കുന്നത്.
കാലിത്തീറ്റ വില കൂടിയതിനെത്തുടർന്ന് വർഷങ്ങളായി കാലി വളർത്തി ഉപജീവനം നടത്തിയിരുന്ന നിരവധി കർഷകർ കാലിവളർത്തൽ ഉപേക്ഷിച്ചിരുന്നു. ഇറച്ചി വിലയ്ക്ക് കറവമാടുകളെ വിറ്റവർ നൂറുകണക്കിനാണ്. അവശേഷിച്ച കർഷകർ നഷ്ടം സഹിച്ചാണ് കാലിവളർത്തൽ തുടർന്നത്. ഇപ്പോൾ മൂന്നു മുതൽ 3.50രൂപ വരെയുള്ള വർദ്ധനവ് മാത്രമാണ് ഭൂരിപക്ഷം കർഷകർക്കും ലഭിക്കുന്നത്. മിക്ക കർഷകരും വായ്പ എടുത്തിട്ടാണ് കാലിവളർത്തൽ ആരംഭിച്ചിട്ടുള്ളത്. ഉയർന്ന വായ്പ ചിലവ്, കന്നുകാലികളുടെ ആരോഗ്യം സംരക്ഷണത്തിന് ആവശ്യമായ തൊഴിലാളികളുടെ ലഭ്യത കുറവ് എന്നിവ ക്ഷീര മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തതിനാൽ കന്നുകാലി കൃഷി ഉപേക്ഷിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് അവശേഷിക്കുന്ന കർഷകർ.
ഒരു ലിറ്റർ പാലിന് ശരാശരി 46 രൂപയോളമാണ് ഇപ്പോൾ ഉൽപാദന ചിലവായി കണക്കാക്കുന്നത്. എന്നാൽ 35 രൂപപോലും കർഷകന് ലഭിക്കുന്നില്ല.കണക്കിൽ 51.2പൈസ ഉണ്ടെന്ന് മാത്രം.
പാൽവില കൂട്ടുന്നത്
മുന്നിൽക്കണ്ട്
2015ൽ പാല് ഒരു ലിറ്ററിന് 43 രൂപയും കാലിത്തീറ്റ അൻപത് കിലോയുടെ ഒരു ചാക്കിന് 885 രൂപയുമായിരുന്നു. എന്നാൽ ഇപ്പോൾ കാലിത്തീറ്റക്ക് 1550 രൂപയായി വർദ്ധിച്ചു. പാൽ വില വർദ്ധിക്കുമെന്ന സൂചന പുറത്തു വന്നതോടെ കാലിത്തീറ്റ വില വർദ്ധിപ്പിക്കുകയായിരുന്നു. കാലിത്തീറ്റ വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.