അടിമാലി : ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ആധുനികരീതിയിൽ നിർമിച്ച അടിമാലി ബസ്സ്റ്റാൻഡിലെ ശൗചാലയം പ്രവർത്തനരഹിതം. മലിനജല ശുദ്ധീകരണ പ്ലാന്റ് നിറഞ്ഞ് മലിനജലം സ്റ്റാന്റിലൂടെ ഒഴുകുന്നതുമൂലം പ്രദേശമാകെ ദുർഗന്ധത്തിലായതോടെ ശൗചാലയം അടച്ചുപൂട്ടി.24 ലക്ഷം രൂപ മുടക്കിയാണ് മൂന്നുവർഷം മുമ്പ് ശൗചാലയവും മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റും നിർമിച്ചത്. ശൗചാലയത്തിൽനിന്ന് വരുന്ന മലിനജലം മൂന്ന് ടാങ്കുകളിൽ ഫിൽട്ടറേഷൻ നടത്തി, ഒടുവിൽ എത്തുന്ന ടാങ്കിൽനിന്ന് ദുർഗന്ധമില്ലാത്ത വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്നതിനായിരുന്നു പദ്മതി. എന്നാൽ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ പഞ്ചായത്ത് യഥാസമയത്ത് നടത്താത്തതുമൂലം ദുർഗന്ധം വമിക്കുന്ന അവസ്ഥയെത്തി. ഇതു മൂലം വഴിയാത്രക്കാർക്കും സമീപത്ത് കച്ചവടം നടത്തുന്നവർക്കും ദുരിതവുമായി.. ഇവിടെയെത്തുന്നവർ പ്രാഥമികാവശ്യം നിറവേറ്റാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ടൗണിൽ പഞ്ചായത്തിന് മറ്റ് ശൗചാലയങ്ങളില്ല. സർക്കാർ സ്‌കൂളിന്റെയും ദേശീയപാതയുടെയും സ്ഥലം കൈയേറി പഞ്ചായത്ത് അടുത്തിടെ നിർമിച്ച ശൗചാലയത്തിന് ദേശീയപാതാ വിഭാഗം നോട്ടീസ് നൽകിയിരിക്കുകയാണ്. ഇവിടെയും പഞ്ചായത്ത് 35 ലക്ഷം മുടക്കി. അതും ഫലംകണ്ടില്ല. അടിയന്തരമായി അറ്റകുറ്റപ്പണികൾ അറിയാവുന്ന ജീവനക്കാരനെ നിയമിച്ച് ശൗചാലയം പ്രവർത്തിപ്പിക്കുകയും മലിനജലം ഒഴുകുന്നത് തടയണമെന്നു മാണ് നാട്ടുകാരുടെ ആവശ്യം.