തൊടുപുഴ: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി യുവജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം എട്ടാം തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന വോട്ടർമാരെ 2023 ജനുവരി 5ന് നിലവിൽ വരുന്ന പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതാണെന്ന് തൊടുപുഴ തഹസീൽദാർ അറിയിച്ചു.ഏതെങ്കിലും സാഹചര്യത്താൽ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം അക്ഷയ സെന്ററുകൾ മുഖേനയോ, വോട്ടർ ഹെല്പ് ലൈൻ ആപ്പ് / എൻ. വി. എസ് .പി എന്ന വെബ്‌സൈറ്റ്/ വോട്ടേഴ്‌സ് പോർട്ടൽ എന്നിവ വഴി ഓൺലൈനായും നേരിട്ടും അപേക്ഷിക്കാവുന്നതാണ്. 17 വയസ്സ് പൂർത്തിയായവർ മുൻകൂറായി ഇതേ രീതിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും അപേക്ഷിക്കാവുന്നതാണ്. താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽനിന്നോ, വില്ലേജ് ഓഫീസുകളിൽ നിന്നോ, ഗൃഹ സന്ദർശനം നടത്തുന്ന ബി .എൽ. ഓ മാരിൽ നിന്നോ ഇക്കാര്യത്തിൽ ആവശ്യമായ സഹായം ലഭ്യമാകുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ തൊടുപുഴ തഹസിൽദാർ അറിയിച്ചു.