അടിമാലി : കാട്ടുപന്നിയുടെശല്യത്തിൽ വലഞ്ഞ് മാങ്കുളം പഞ്ചായത്തിലെ കർഷകർ. മുൻപ് വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലാണു പന്നിശല്യം കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ജനവാസ മേഖലകളിലും പന്നിശല്യം വ്യാപിച്ചതോടെ കർഷകരുടെ ദുരിതം കൂടുകയാണ്.
അടിമാലി, മച്ചിപ്ലാവ്, ഇരുമ്പുപാലം, പത്താംമൈൽ, ദേവിയാർ കോളനി, വാളറ, കഞ്ഞിരവേലി, കോയിക്ക ക്കുടി, പതിനാലാംമൈൽ, പടിക്കപ്പ്, നെടുമ്പാറ മേഖലകളിലെ കൃഷിയിടങ്ങൾ കാട്ടുപന്നികളുടെ വിഹാരകേന്ദ്രങ്ങളായി മാറി.
കപ്പ, ചേമ്പ് ഉൾപ്പെടെയുള്ള വിളകളാണ് കൂടുതലായി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നത്. ഇപ്പോൾ തെങ്ങിൻതൈ കമുക്, ജാതി, കൊക്കോ തുടങ്ങിയവയും നശിപ്പിക്കുകയാണ്.പന്നികളെ വെടിവച്ചുകൊല്ലുന്നതിനു വനം, പഞ്ചായത്ത് വകുപ്പുകൾക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തതാണു പന്നിശല്യം കൂടാൻ കാരണമെന്നു കൃഷിക്കാർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് കൃഷിദേഹണ്ഡങ്ങൾ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കണം എന്നതാണ് കർഷകരുടെ ശക്തമായ ആവശ്യം .