തൊടുപുഴ: കനത്ത പ്രതിസന്ധിയിലായ റബ്ബർ കർഷകരെ രക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് തൊടുപുഴ ഫാർമേഴ്‌സ് ക്ലബ്ബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. റബറിന്റെ ലാറ്റക്‌സ് വില 170 രൂപയിൽ നിന്ന് 90 രൂപയിലേക്ക് ഇടിഞ്ഞതിനാൽ കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ടാപ്പിങ് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും കർഷകർക്ക് സാധിക്കുന്നില്ല. ലാറ്റക്‌സ് കയറ്റുമതി ചെയ്യുകയോ സംഭരിക്കുകയോ ചെയ്യണം. കൂടാതെ റബർ കർഷകർക്ക് സൗജന്യറേഷൻ അനുവദിക്കണം. ആഭ്യന്തര ഉപയോഗത്തിന് ആവശ്യത്തിനു റബർ കർഷകർ ഉത്പാദിപ്പിക്കുന്നതിനാൽ റബറിന്റെ ഇറക്കുമതി ആവശ്യമില്ല. അതിനാൽ സർക്കാരിന് വിദേശ നാണ്യമേറെ ലാഭിക്കാൻ സഹായിക്കുന്ന കർഷകരെ അടിയന്തരമായി സംരക്ഷിച്ചില്ലെങ്കിൽ റബ്ബർ കൃഷി കേരളത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഫാർമേഴ്‌സ് ക്ലബ്ബ് മുന്നറിയിപ്പു നൽകി. റബർ കർഷകർക്ക് സൗജന്യമായി ലഭിക്കാൻ സാധ്യതയുള്ള കാർബൺ ക്രെഡിറ്റ് അന്താരാഷ്ട്ര ഫണ്ട് കർഷകർക്ക് വാങ്ങിച്ചു കൊടുക്കാൻ സർക്കാരുകളും റബ്ബർ ബോർഡും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ചെറുനിലം, വൈസ് പ്രസിഡന്റ് സോണി കിഴക്കേക്കര, മാത്യു മടത്തിക്കണ്ടം, ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.