തൊടുപുഴ: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി) ബോർഡ് യോഗം അനുമതി നൽകിയ 100 കിടക്കകളുള്ള ആശുപത്രി ജില്ലയിൽ യാഥാർത്ഥ്യമായാൽ മലയോര മേഖലയിലെ തോട്ടംതൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമാകും. ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്കടക്കം എല്ലാ വിഭാഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ഇ.എസ്.ഐ ആശുപത്രിയിൽ ലഭ്യമാകും. ഭാവിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കാനും സാധിക്കും.
കട്ടപ്പന നഗരസഭയിൽ ആശുപത്രി തുടങ്ങുന്നതിനായി നാല് ഏക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറ്റം ചെയ്തതിനു ശേഷം 2023ൽ തന്നെ പദ്ധതിയുടെ തറക്കല്ലിടും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും. ഡൽഹിയിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ചേർന്ന ഇ.എസ്.ഐ ബോർഡ് യോഗമാണ് ആശുപത്രിയ്ക്ക് അന്തിമ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ അടുത്തിടെയെടുത്ത നയപരമായ തീരുമാനമാണ് 100 ബെഡ് ആശുപത്രിക്ക് സഹായകരമായത്. ഇടുക്കിയിൽ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികൾ 18,000 പേരുണ്ട്. മലയോര മേഖലയിൽ ഇത് കുറഞ്ഞത് 15,000മായി കേന്ദ്ര സർക്കാർ പുനർനിശ്ചയിച്ചതാണ് ഇടുക്കിയ്ക്ക് 100 ബെഡ് ആശുപത്രി അനുവദിക്കപ്പെടാൻ സഹായകരമായി മാറിയത്. കേന്ദ്ര സർക്കാർ അടുത്തിടെ പാസാക്കിയ തൊഴിൽ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കരണം അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നൽകുകയെന്നതായിരുന്നു.
ഇടുക്കിക്ക് ലഭിച്ച സമ്മാനം: ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി ജില്ലയ്ക്ക് ലഭിച്ച സമ്മാനമാണ് 100 ബെഡുള്ള ഇ.എസ്.ഐ ആശുപത്രിയെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കഴിഞ്ഞ 2.5 വർഷമായി നടത്തിയ നിരന്തര പരിശ്രമവും അതിന് കേന്ദ്ര തൊഴിൽ മന്ത്രാലയം അനുകൂലമായ നിലപാട് സ്വീകരിച്ചതുമാണ് പദ്ധതിയ്ക്ക് അനുമതി നൽകാൻ കാരണമായത്.
ഇക്കാര്യത്തിൽ അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിച്ച കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിനും ഇ.എസ്.ഐ കോർപ്പറേഷനും നന്ദി രേഖപ്പെടുത്തുന്നതായും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.