കട്ടപ്പന: ജലവിഭവ വകുപ്പിന്റെ ഇരട്ടയാർ പഞ്ചായത്തിലെ ജലവിതരണ ശൃംഖല കാലഹരണപ്പെട്ടതോടെ പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയായി. 14 വാർഡുകളിലെ ആയിരത്തിലധികം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ഈ പദ്ധതിയെ ആശ്രയിച്ചിരുന്നത്. എന്നാൽ വെള്ളം വിതരണം ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള കാസ്റ്റ് അയൺ, ജി.ഐ, പി.വി.സി പൈപ്പുകൾക്ക് കേടുപാട് സംഭവിച്ചതോടെ വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. ഇരട്ടയാർ ജലസംഭരണിയിൽ നിന്നുമാണ് വിതരണത്തിനുള്ള വെള്ളമെടുക്കുന്നത്. എഴുകുംവയൽ, ശാന്തിഗ്രാം, ഈട്ടിത്തോപ്പ് എന്നിവിടങ്ങളിൽ ഒരു ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് വെള്ളം പമ്പ് ചെയ്താണ് വിതരണം നടത്തുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽപ്പെടുത്തി 15 വർഷം മുമ്പാണ് ഇവിടെ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചത്. പിന്നീട് ജലജീവൻ മിഷൻ പദ്ധതിയിൽ പെടുത്തി കഴിഞ്ഞ വർഷം വിതരണം ആരംഭിച്ചു. തുടക്കത്തിൽ തന്നെ പൈപ്പുകളിൽ വ്യാപകമായി ചോർച്ച കണ്ടെത്തിയിരുന്നു. വിതരണത്തിനുള്ള ജി.ഐ, പി.വി.സി പൈപ്പുകൾ തുരുമ്പെടുത്തും പൊട്ടിയും നാമാവശേഷമായി. ഇത് മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്‌നം. പദ്ധതിയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് അതോറിട്ടി പൈനാവ് സെക്ഷനാണ്. ഇവിടെ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറഞ്ഞു. പരാതികൾ ഓൺ ലൈനായി മേൽത്തട്ടിൽ സ്വീകരിക്കുന്നുണ്ട്. പരിഹാരത്തിനായി കീഴ്ഘടകങ്ങളിലേയ്ക്ക് അയക്കുന്നുമുണ്ടെന്നു പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാനോ അറ്റകുറ്റ പണികൾ നടത്താനോ തയ്യാറാകുന്നില്ല. ഇത് മൂലം നിരവധിപേർ കണക്ഷൻ വേണ്ടെന്നു വച്ചിട്ടുണ്ട്. പദ്ധതിയിൽ ജലവിതരണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഈട്ടിത്തോപ്പ്, ഇടിഞ്ഞമല പ്രദേശങ്ങളിൽ വിതരണം തുടങ്ങിയിട്ടില്ല. മേഖലയിൽ കൂടുതൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളാണിത്. കാലിയായ ടാങ്കും വെള്ളമില്ലാത്ത പൈപ്പും നോക്കിയിരിക്കാനാണ് ഇവരുടെ വിധി.
പൈപ്പ് സ്ഥാപിച്ചത് വിദ്യാർത്ഥികൾ
പൈപ്പുകൾ സ്ഥാപിച്ചത് അവിദഗ്ദ്ധ തൊഴിലാളികളാണെന്ന് ഉപഭോക്താക്കൾ പറയുന്നു. കട്ടപ്പനയിൽ ഒരു സ്ഥാപനത്തിൽ പ്ലംബിങ് പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് പൈപ്പുകൾ സ്ഥാപിച്ചതത്രെ. വിദഗ്ദ്ധമായി ചെയ്യാത്തതിനാൽ മലമുകളിൽ നിന്ന് വെള്ളം ഒഴുകി വരുമ്പോൾ അധിക സമ്മർദ്ദം മൂലം പൈപ്പുകൾ പൊട്ടിയാണ് ശൃംഖല തകർന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
പഴിചാരി തലയൂരുന്നു
കുടിവെള്ളവിതരണ പദ്ധതിയിലെ തകരാർ പരിഹരിക്കാത്തതിന് പിന്നിൽ വിവിധ ഓഫീസുകൾ തമ്മിലുള്ള തർക്കമാണെന്ന് ആരോപണം. പദ്ധതി കട്ടപ്പന സെക്ഷൻ ഓഫീസിന് കീഴിലും ബില്ലിംഗ് നെടുംകണ്ടം സെക്ഷൻ ഓഫീസിന് കീഴിലും അറ്റകുറ്റപ്പണികൾ പൈനാവ് ഓഫീസിന് കീഴിലുമാണ്. ഏത് ഓഫീസിൽ പരാതിപെട്ടാലും പരസ്പരം ഉദ്യോഗസ്ഥർ പഴി ചാരി തലയൂരുകയാണെന്ന് പറയുന്നു. അറ്റകുറ്റപ്പണിക്ക് ചുമതലയുള്ളവർ പരാതി പരിഹരിച്ചോ എന്ന് അന്വേഷണം നടത്താൻ പോലും മേൽ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.