 
അടിമാലി: വീട്ടിൽ കയറി ആക്രമിച്ച പ്രതികളിലൊരാൾ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. വാളറ കുളമൻകുഴി ആദിവാസി കോളനിയിലെ കാണി ഗോപിയെ വീടുകയറി ആക്രമിച്ച കേസിൽ കോളനിയിൽ തന്നെ താമസക്കാരനായ ഓലിയ്ക്കൽ രാഹുലിനെയാണ് (24) അടിമാലി പൊലീസ് തിരുവനന്തപുരം അമരവിളയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരൻ ഗോകുൽ (22) ഓടി രക്ഷപെട്ടു. പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. രാഹുലും ഗോകുലും പതിവായി കുടിയിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഞ്ചാവ് ഉപയോഗിയ്ക്കുമായിരുന്ന ഇരുവരെയും കാണി ഗോപി വിളിച്ചു താക്കീതു നൽകി. ഇതിൽ പ്രകോപിതരായ പ്രതികൾ അർദ്ധരാത്രി 12 മണിയോടെ കാണിയുടെ വീട്ടിലെത്തി വാതിൽ തകർത്ത് മുളക് പൊടി വിതറിയ ശേഷം ക്രൂരമായി മർദ്ദിയ്ക്കുകയായിരുന്നു. മർദ്ദനത്തിൽ കമ്പിവടി കൊണ്ടുള്ള അടിയിൽ കാണിയുടെ വാരിയെല്ല് തകർന്നിരുന്നു. മർദ്ദനത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തിരുവനന്തപുരം അമരവിള ഭാഗത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പാറശാലയിലെ ഒരു കൊലക്കേസ് പ്രതി തരപ്പെടുത്തിക്കൊടുത്ത രഹസ്യ സങ്കേതത്തിലായിരുന്നു താമസം. ചക്ക ഇട്ട് കൊടുക്കുന്ന തൊഴിലിൽ ഏർപ്പെട്ടുവരികയായിരുന്ന ഇവർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കുന്നതിനുള്ള ശ്രമം നടത്തി. എന്നാൽ ഹൈക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് പ്രതികൾ മൊബൈൽ ഫോൺ പോലും ഉപയോഗിച്ചിരുന്നില്ല. രക്ഷപ്പെട്ട ഗോകുലിന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വാളറയിലെ പഞ്ചായത്തംഗം ദീപാ രാജീവിന്റെ വാഹനം തല്ലിത്തകർത്തുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് പ്രതിക്കെതിരെ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐമാരായ സിജു ജേക്കബ്, ടി.പി. ജൂഡി, എ.എസ്.ഐ അബ്ബാസ് ടി.എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.