മുട്ടം: കണ്ണിന് കാഴ്ചയില്ലെങ്കിലും തനിക്കും കുടുംബത്തിനും അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യം അകക്കണ്ണിൽ കാണുന്നതിന്റെ സന്തോഷം ആതിരയുടെ മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ശങ്കരപ്പള്ളിയിൽ പുതിയതായി ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് കുടയത്തൂർ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആതിരയായിരുന്നു. ഹോട്ടൽ ഉടമയായ കുഴിപ്പിള്ളിൽ ഇന്നസെന്റിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ആതിര അന്ന് ഉദ്‌ഘാടകയായെത്തിയത്. ആതിരയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ ഇന്നസെന്റ് ഒരു കാര്യം മനസിലുറപ്പിച്ചിരുന്നു. സ്ഥാപനം പ്രവർത്തിച്ച് കൃത്യം ഒരു വർഷമാകുന്ന അവസരത്തിൽ ആതിരയ്ക്കും കുടുംബത്തിനുമായി ഇന്നസെന്റ് ഒരു വീട് വാങ്ങി നൽകി. മുട്ടം തോട്ടുങ്കരയ്ക്ക് സമീപത്ത് വാങ്ങിയ വീടിന്റെ താക്കോൽ ദാന കർമ്മം മുട്ടം മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി.എസ്. രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതുവരെ മൂവാറ്റുപുഴ പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആതിരയുടെ കുടുംബം. ഗണേശൻ -രജനി ദമ്പതികളുടെ മകളായ ആതിരയുടെ സഹോദരൻ ആദർശ് ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി റെന്നി ആലുങ്കൽ, അന്ധവിദ്യാലയം പ്രിൻസിപ്പൽ ശശികുമാർ എന്നിവർ സംസാരിച്ചു. കുടയത്തൂർ അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചടങ്ങിന് എത്തിയിരുന്നു.