പീരുമേട്: പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകൾക്ക് ആംബുലൻസുകൾ വാങ്ങുന്നതിന് 33.26 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിന്റെ ആദ്യഗഡുവാണ് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാറിന്റെ പക്കൽ നിന്ന് ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ജില്ലാ കളക്ടർ ഷീബാ ജോർജ് എന്നിവർ ഏറ്റുവാങ്ങിയത്. അനുവദിച്ച തുകയുടെ 50 ശതമാനം ആദ്യ ഗഡുവായും ബാക്കി 50 ശതമാനം വാഹനം വാങ്ങിയതിന് ശേഷവുമാണ് നൽകുക. ഡീൻ കുര്യാക്കോസ് എം.പി വെയർഹൗസിങ് കോർപ്പറേഷൻ എം.ഡി അരുൺ കുമാർ ശ്രീവാസ്തവക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ട് അനുവദിച്ചത്. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ കേരളത്തിലെ ആരോഗ്യ മേഖലയിൽ സി.എസ്.ആർ ഫണ്ട് വിനിയോഗിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി 1.20 കോടി രൂപയും ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 90 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇടുക്കി ജില്ലാ ആശുപത്രിക്കായി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഏഴ് ലക്ഷം രൂപ ചെലവഴിച്ചിരുന്നു. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, റീജിയണൽ മാനേജർ മനീഷ് ബി.ആർ, വെയർഹൗസിംഗ് കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.