തൊടുപുഴ : ജില്ലയിലെ ഹയർസെക്കന്ററി സ്‌കൂളുകളിലെ 35 ഹരിതകേരളം ജലലാബുകളുടെയും പ്രവർത്തനം കുട്ടികൾ മുഖേന കൂടുതൽ ഊർജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് പരിശീലനം നൽകുന്നു. ഈ മാസം ഏഴ്, എട്ട് തീയതികളിലായി കട്ടപ്പന സെന്റ്‌ .ജോർജ് എച്ച്. എസ്. എസ്, അടിമാലി എസ്.എൻ.ഡി.പി.എച്ച്. എസ്. എസ് ,ജി.എച്ച്.എസ്.എസ് ,കോളപ്ര എന്നിവടങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ആദ്യ വർഷ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. ഇവർ മുഖേന മറ്റു കുട്ടികൾക്കും പരിശീലനം നൽകുന്നതിന് ക്രമീകരണമുണ്ടാകുമെന്ന് നവകേരളം ജില്ലാകോർഡിനേറ്റർ ഡോ. വി. ആർ. രാജേഷ് അറിയിച്ചു.

എം.എൽ.എമാരുടെ ഫണ്ടുപയോഗിച്ച് 35 പഞ്ചായത്തുകളിലാണ് സ്‌കൂളുകളിൽ ജലഗുണതാ പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നത്.പരിശോധനയ്ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും രാസ വസ്തുക്കളുമെല്ലാംനേരത്തേ തന്നെ ഈ സ്‌കൂളുകളിൽ ലഭ്യമാക്കിയിരുന്നു.സ്‌കൂളുകളിലെ രസതന്ത്രം അദ്ധ്യാപകർക്കാണ് ലാബിന്റെ നടത്തിപ്പ് ചുമതല.പല സ്‌കൂളുകളിലും അദ്ധ്യാപകരുടെ സ്ഥലം മാറ്റങ്ങൾ ജല പരിശോധനകളെദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ടായി. ഇതൊഴിവാക്കാനാണ് കുട്ടികൾക്ക് പരിശീലനവും തുടർ പരിശീലനവും നൽകി സ്‌കൂളിലെ ജലപരിശോധന സജീവമാക്കുന്നതെന്ന്‌ഡോ. വി. ആർ. രാജേഷ് പറഞ്ഞു.