തൊടുപുഴ: വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദൈനംദിനം നൂറ്റമ്പതിലേറെ പേരാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നത്. എന്നാൽ യാതൊരുവിധ ചികിത്സാ സൗകര്യങ്ങളും ഈ ആരോഗ്യ കേന്ദ്രത്തിൽ ഇല്ല. നിലവിൽ ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ ഇവിടെ നിന്നും 30 കിലോമീറ്റർ അകലെയുള്ള തൊടുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് പറഞ്ഞയക്കുന്നത് നിത്യ സംഭവമാണ്. ആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 200 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വകുപ്പ് സെക്രട്ടറി തുടങ്ങിയവർക്ക് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ ഇനിയും ഇടപെട്ടില്ലെങ്കിൽ ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സമരവുമായി മുന്നോട്ട് വരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് ബല്ലാരി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ സുമേഷ്, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി അജിമോൾ, സംസ്ഥാന സെക്രട്ടറി അജിതാ കുമാരി, വണ്ണപ്പുറം ഏരിയാ സെക്രട്ടറി ബാബു ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.