 
തൊടുപുഴ: എഴുപതുകാരി സൂസി മാത്യുവിന് പ്രായം വെറും സംഖ്യ മാത്രമാണ്. സമപ്രായക്കാർ നേരേ ചൊവ്വേ എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടുമ്പോൾ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി കായികമേളകളിൽ പങ്കെടുത്ത് സ്വർണം നേടുന്ന തിരക്കിലാണ്. മൂന്ന് മക്കളുടെ അമ്മയും ആറ് പേരക്കുട്ടികളുടെ വല്യമ്മയുമായ സൂസി മഹാരാഷ്ടയിലെ നാസിക്കിൽ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ഹൈജമ്പ് എന്നീ ഇനങ്ങളിൽ നാലു സ്വർണമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റായി സൂസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 200 മീ, 400 മീ ഓട്ടത്തിലും ഹൈജമ്പിലും സ്വർണ്ണവും 4* 400 മീ. റിലേയിൽ വെള്ളിയും നേടിയാണ് സൂസി നേട്ടം കൈവരിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് കഴിവ് തെളിയിച്ചിരുന്നെങ്കിലും അക്കാലത്ത് വീട്ടുകാർക്കൊന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോട് താത്പര്യമില്ലായിരുന്നെന്ന് സൂസി പറയുന്നു. അഞ്ച് വർഷം മുമ്പാണ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ മുതൽ പങ്കെടുക്കണമെന്ന ആഗ്രഹം കയറിക്കൂടിയത്. യാതൊരു പരിശീലനവുമില്ലാതെ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ രണ്ട് സ്വർണം നേടിയിരുന്നു. പിന്നീട് മിക്ക മീറ്റുകളിലും പങ്കെടുക്കാൻ പോകാറുണ്ട്. ജനുവരിയിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ മീറ്റിനുള്ള പരിശീലനത്തിലാണ് സൂസി മാത്യു ഇപ്പോൾ. സ്വന്തമായി പണം മുടക്കിയാണ് മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത്. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിന്റെ ഭാര്യയാണ്. രണ്ട് തവണ ആലക്കോട് പഞ്ചായത്തിൽ കർഷശ്രീയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. കൊവിഡ് കാലത്ത് സംഘടിപ്പിച്ച ഓൺലൈൻ അടുക്കളത്തോട്ട മത്സരത്തിലും സൂസി പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.