തൊടുപുഴ: കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർകാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാൻ (33), മണ്ണാർകാട് കോട്ടോപാടം വളപ്പിൽ വി. സുൽഫിക്കർ അലി (27), മണ്ണാർകാട് കോട്ടോപാടം വളപ്പിൽ വി. മുഹമ്മദ് ഷൗക്കത്തലി (28), മണ്ണാർകാട് കുമരമ്പത്തൂർ അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ ക്രിസ്തുമസ്- ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. വാഹന കച്ചവടത്തിനെന്ന പേരിൽ തൊടുപുഴ നഗരത്തിൽ പാലാ റോഡിലെ തീയേറ്ററിന് സമീപം ഏറെ നേരമായി നാൽവർ സംഘം തമ്പടിച്ചിരുന്നു. ദുരൂഹ സാഹചര്യത്തിൽ ഒരേ സ്ഥലത്ത് കാർ പാർക്ക് ചെയ്തതും വാഹനത്തിലെത്തിയവരുടെ പെരുമാറ്റവും കണ്ട് സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തിന് സംശയം തോന്നി. തുടർന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കാറിലുണ്ടായിരുന്നവരോട് വിവരം തിരക്കിയത്. എന്നാലിവർ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ 110 ഗ്രാം കഞ്ചാവും കഠാരയും കണ്ടെടുത്തു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന നാല് പേരെയും എക്‌സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെത്തിയ ക്രിമിനൽ സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണെന്ന് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് കുമാർ പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, ജയരാജ്, സുബൈർ, അനൂപ്, ദിലീപ്, സുമേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ അപർണ്ണ ശശി, സിന്ധു, ഡ്രൈവർ അനീഷ് ജോൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.