തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി 20, 21 തീയതികളിൽ കെ.സി.എ. തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ (ജെ.സി.എൽ) സ്വാഗത സംഘം ഓഫീസ് തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു ഉദ്ഘാടനം ചെയ്തു. ഇടുക്കി പ്രസ് ക്ലബിന്റെ രണ്ടാം നിലയിലാണ്
ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിൽ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കെ.എ. ലത്തീഫ് നന്ദിയും പറഞ്ഞു. ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റുമാരായ അഫ്‌സൽ ഇബ്രാഹിം, എം. ബിലീന, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഹാരീസ് മുഹമ്മദ്, വിനോദ് കണ്ണോളി, എം.എൻ. സുരേഷ്, അനൂപ് ഒ.ആർ എന്നിവർ പ്രസംഗിച്ചു. ജെ.സി.എല്ലിന്റെ വിജയകരമായ നടത്തിപ്പിനായി മന്ത്രി റോഷി അഗസ്റ്റിൻ രക്ഷാധികാരിയും ജനപ്രതിനിധികൾ ഉപരക്ഷാധികാരികളുമായ സ്വാഗതസംഘം കമ്മിറ്റിയും സബ്കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. 14 ജില്ലകളിലെയും കെ.യു. ഡബ്ല്യു.ജെയുടെ കീഴിലുള്ള പ്രസ്സ് ക്ലബുകളുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻമാരാകുന്ന ടീമിന് ഒരു ലക്ഷം രൂപയും അൽ- അസ്ഹർ കപ്പുമാണ് സമ്മാനം. റണ്ണേഴ്‌സ് അപ്പിന് 50,​000 രൂപയും ട്രോഫിയും നൽകും.