കട്ടപ്പന : ഇനി ധൈര്യമായി ഹൈറേഞ്ചുകാർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. റീ ചാർജ് ചെയ്യാൻ ആവശ്യത്തിന് സ്റ്റേഷനുകളില്ല എന്ന പരിമിതി മറികടക്കുകയാണ്. ഇലക്ട്രിക് റീ ചാർജിങ് സ്റ്റേഷനുകൾ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. കെ.എസ്.ഇ.ബി കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ ഒൻപത് ഇടങ്ങളിലാണ് പോൾ മൗണ്ടഡ് ഇ .വി ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിച്ചുതുടങ്ങിയത്. ഒൻപതാമത്തെ സ്റ്റേഷൻ കഴിഞ്ഞ ദിവസം കാഞ്ചിയാർ സെക്ഷൻ പരിധിയിലുള്ള ഇരുപതേക്കറിൽ പ്രവർത്തനമാരംഭിച്ചു. യൂണിറ്റിന് 10.62 രൂപ നിരക്കിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇവിടങ്ങളിൽ ചാർജ് ചെയ്യാം. 33,040 രൂപയാണ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ചെലവ്.
വണ്ടൻമേട് ഗണപതി ശിൽപം, കല്ലാർ വൈദ്യുതി ഭവൻ, പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസ്, ഉടുമ്പൻചോല ടൗൺ, തൂക്കുപാലം പാമ്പുമുക്ക്, ഇരട്ടയാർ മാർക്കറ്റ്, ചെറുതോണി പുതിയ ബസ് സ്റ്റാൻഡ്, മുരിക്കാശേരി കെഎസ്ഇബി സെക്ഷൻ ഓഫീസ് എന്നിവിടങ്ങളിലാണ് ഡിവിഷൻ പരിധിയിലെ മറ്റ് ചാർജിങ് സ്റ്റേഷനുകൾ.ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ ചാർജിങ് സ്റ്റേഷനുകൾ ഗുണകരമാണ്. ചാർജിങ്ങിന് അധികം സമയവും വേണ്ട എന്ന പ്രത്യേകതയുമുണ്ട്.
പ്രവർത്തനരീതി
ചാർജ് മോഡ് എന്ന ആപ് ഉപയോഗിച്ചാണ് പ്രവർത്തനം. ചാർജിങ് സ്റ്റേഷനിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് ആപ് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്ത ശേഷം പ്രൊഫൈലിൽ നിന്ന് സബ്‌സ്‌ക്രൈബ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് സ്റ്റേഷൻ ഉപയോഗിക്കാൻ ഏതെങ്കിലും ഒരു പ്ലാൻ റീചാർജ് ചെയ്യണം. ശേഷം ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്റ്റാർട്ട് ചാർജിങ് തെരഞ്ഞെടുക്കണം . വാഹനം ചാർജ് ചെയ്തുകഴിഞ്ഞ് സ്റ്റോപ് ചാർജിങ് ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷമേ പവർ പിൻവലിക്കാൻ പാടുള്ളൂ.