തൊടുപുഴ: ദേശീയപാത185 ൽ അടിമാലി-കുമളി റോഡിൽ ചെറുതോണിയിലും കട്ടപ്പനയിലും നാലുവരി ബൈപ്പാസ് നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിന് കൺസൾട്ടസിക്കായി കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം ടെൻഡർ വിജ്ഞാപനമിറക്കി ഹൈറേഞ്ച് മേഖലയിലെ ഗതാഗത രംഗത്ത് ഏറെ മുന്നേറ്റത്തിന് ഇടവരുത്തുന്ന ബൈപ്പാസ് വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നാലുവരിപ്പാത എന്നതുകൂടിയാകുമ്പോൾ ഇടുക്കിയിലെതന്നെ ഏറ്റവും ഗതാഗത പ്രാധാന്യമുള്ള ബൈപ്പാസായി മാറും. ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് 300 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ടെൻഡർ തുറക്കുന്നത് ചെയ്യുന്നത് ഈമാസം 23നാണ്.
ഇതോടൊപ്പം അടിമാലി- കുമളി എൻ.എച്ച് 185 ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 1180 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. എൻ.എച്ച്183 നെയും എൻ.എച്ച്85 നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നു പോകുന്നതുമായ ദേശീയപാത 185ലാണ് ചെറുതോണി പാലം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു. ദേശീയപാത 185 ന്റെ വികസനം ഇടുക്കി ജില്ലാ ആസ്ഥാനത്തെ ടൂറിസം വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും എം.പി പറഞ്ഞു.