അടിമാലി: കഞ്ചാവ് വിൽപ്പനക്ക് തടസം നിന്ന ആദിവാസി മുപ്പനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതിയും അറസ്റ്റിലായി. കുളമാംങ്കുളി സ്വദേശി ഗോകുൽ (26) ആണ് പിടിയിലായത്. ഒന്നാംപ്രതി പിടിയിലായതോടെ ഗോഗുൽ പൊലീസിൽ കീഴടങ്ങാൻ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ഓഗസ്റ്റ് 18ന് കുളമാംങ്കുളി കോളനിയിലെ മുപ്പൻ ഗോപിയെ മർദിക്കുകയും കമ്പി കൊണ്ട് അടിച്ച് വാരിയെല്ല് ഒടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതി രാഹുലിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് ആരോപിച്ചാണ് ഇരുവരും ഗോപിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചത് .പ്രതികൾ ഇരുവരും സഹോദരങ്ങളാണ് .