
തൊടുപുഴ: ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന വെങ്ങല്ലൂർ- കുമാരമംഗലം റോഡിൽ പ്ലാവിൻചുവടിന് സമീപത്തെ വാരിക്കുഴികൾ അപകടക്കെണിയായി മാറി. ഇതിനകം നിരവധി വാഹനങ്ങളാണ് ഇവിടത്തെ കുഴികളിൽ വീണ് ചെറുതും വലുതുമായ അപകടത്തിൽപ്പെട്ടിരിക്കുന്നത്.
ഈ ഭാഗത്ത് റോഡിൽ നീളത്തിൽ ഗണ്ടറുകളായതിനാൽ കുഴിയിൽ വീണ് നടുവ് ഉളുക്കാതെ കടന്നുപോകാനാകില്ല. രാത്രികാലങ്ങളിൽ കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. കാറിന്റെ അടിതട്ടുന്നതും വെട്ടിച്ച് മാറ്റുമ്പോൾ സമീപത്തെ മതിലിൽ ഇടിക്കുന്നതും പതിവാണ്. തൊടുപുഴ, പാലാ ഭാഗത്ത് നിന്നടക്കം ഊന്നുകൽ കൂടി മൂന്നാറിലേക്കടക്കം പോകാനായി ധാരാളം വാഹനങ്ങൾ ഇതുവഴി പോകാറുണ്ട്. ഇപ്പോൾ ഹൈറേഞ്ചിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകരും ഇതുവഴി ധാരാളമെത്തുന്നുണ്ട്.
വളവ് തിരിഞ്ഞ് വരുമ്പോൾ അപ്രതീക്ഷിതമായുള്ള ഈ വൻഗർത്തം പല വാഹന ഡ്രൈവർമാരുടെയും കണ്ണിൽപ്പെടില്ല. ഇതുവഴിയുള്ള സ്ഥിരം യാത്രക്കാർ പോലും പലപ്പോഴും ഈ കുഴിയിൽ വീണിട്ടുണ്ട്. മഴയത്ത് കുഴിയിൽ വെള്ളം നിറഞ്ഞ് കിടന്നാൽ അപകടം ഉറപ്പാണ്. വർഷങ്ങൾക്ക് മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച ഭാഗം കൃത്യമായി മൂടാതെ റീ ടാർ ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഓരോ ദിവസം കൂടുന്തോറും കുഴിയുടെ ആഴം കൂടി വരികയാണ്. ഈ റോഡിൽ വെറെയും നിരവധി കുഴികളുണ്ട്. അതുപോലെ ഇതേ ഭാഗത്ത് ടൈൽ ഇട്ടിരിക്കുന്നതിനോട് ചേർന്നുള്ള റോഡിലെ കട്ടിംഗും അപകടത്തിന് കാരണമാകുന്നുണ്ട്. സമീപത്തെ ഇടവഴിയായ ടാഗോർ റോഡും ആകെ പൊളിഞ്ഞു കിടക്കുകയാണ്. പ്രദേശവാസികൾ പി.ഡബ്ല്യു.ഡി അധികൃതരോടും ജനപ്രതിനിധികളോടും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.