
കട്ടപ്പന: ഓട്ടോയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു പോയി വിൽപ്പന നടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉപ്പുതറ പൊലീസ് കേസടുത്തു. കണ്ണംപടി കിഴുകാനം സെക്ഷനിലെ ഫോറസ്റ്റർ ബി.അനിൽകുമാർ അടക്കമുള്ളവർക്കെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം ഉൾപ്പെടെയാണ് കേസ്.
കണ്ണംപടി, കിഴുകാനം പുത്തൻപുരയ്ക്കൻ സരുൺ സജി (24) നൽകിയ പരാതിയിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. സെപ്തംബർ 20നാണ് സരുൺ സജിയെ അറസ്റ്റ് ചെയ്തത്. പി.എസ്.സിയുടെ മൂന്നു റാങ്ക് പട്ടികയിലുള്ള സരുൺ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് പരീക്ഷയുടെ ഫലവും കാത്തിരിക്കുന്നതിനിടെയാണ് കള്ളക്കേസിൽ കുടുക്കിയത്. സംഭവം വിവാദമായതോടെ നടത്തിയ അന്വേഷണത്തെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.