 
നെടുങ്കണ്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ജില്ല മണ്ണ് പരിശോധന ലാബ് ഇടുക്കി, കൃഷി വകുപ്പ് നെടുങ്കണ്ടം സംയുക്തമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണവും മണ്ണറിവ് പ്രാദേശിക പഠന പരിപാടിയും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം വനജകുമാരി താന്നിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ നജീമ സജു അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ശശിലേഖ രാഘവൻ പ്രഭാഷണം നടത്തി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പരിഷത്ത് സംസ്ഥാന സമിതിയംഗം പി.എ. തങ്കച്ചൻ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി വി.വി. ഷാജി ആമുഖാവതരണം നടത്തി. യോഗത്തിൽ സൗപർണിക ശരിൽ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു. ചിത്രാലയം ശശികുമാർ മണ്ണറിവ് പ്രാദേശിക പഠന പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. നാല്പത് കർഷകരുടെ മണ്ണു പരിശോധനയും നടന്നു. മണ്ണ് ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.