തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വാഹന പാർക്കിംഗ് ഏരിയായിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതരുടെ പുതിയ പരിഷ്ക്കാരം.കെ എസ് ആർ ടി സിയുടെ ഗ്രൗണ്ട് ഫ്ലോറിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വാഹനപാർക്കിംഗ് സൗകര്യം അനുവദിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇവിടേക്ക് പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.ഇതിന്റെ ഭാഗമായി പ്രധാന റോഡിൽ നിന്ന് പാർക്കിംഗ് ഏരിയായിലേക്കുള്ള വഴി കെ.എസ്.ആർ.ടി.സി അധികൃതർ അടച്ച് പൂട്ടി.അന്യവാഹനങ്ങൾ പാർക്ക് ചെയ്യരുത്,അനധികൃതമായി പാർക്ക് ചെയ്താൽ 500 രൂപ പിഴ ഈടാക്കും എന്നുള്ള പോസ്റ്ററും വ്യാപകമായി പതിച്ചിട്ടുമുണ്ട്.കെ.എസ്.ആർ ടി.സി ജീവനക്കാർക്ക് അനുമതി നൽകുകയും പൊതുജനങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്ന അധികൃതരുടെ നടപടിയിൽ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.നഗരത്തിന്റെ വിദൂര സ്ഥലങ്ങളിൽ നിന്ന് കാർ,ബൈക്ക് ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങളിൽ എത്തി കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് യാത്ര തിരിക്കുന്ന നൂറ് കണക്കിന് ആളുകളെ കഷ്ടത്തിലാക്കുന്ന നടപടിയാണ് ഉണ്ടായിരി ക്കുന്നത്.സ്റ്റാന്റിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ കിലോമീറ്ററുകൾ അകലെയുള്ള റോഡ് സൈഡിലോ,സ്വകാര്യ പേ ആന്റ് പാർക്ക് സ്ഥാപനങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്ത് ഓട്ടോകൂലി നൽകിയോ നടന്നോ സ്റ്റാന്റിലേക്ക് എത്തേണ്ടുന്ന അവസ്ഥയാണുള്ളത്.സ്ത്രീകൾ, വയോജനങ്ങൾ,അംഗപരിമിതർ, ഗർഭിണികൾ,രോഗികൾ,രാത്രി കാല യാത്രക്കാർ എന്നിവരെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നതും.പേ ആന്റ് പാർക്കിനുള്ള പണം വേറേയും നൽകണം.ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക് വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് സമയ നഷ്ടത്തിനും പണ നഷ്ടത്തിനും കാരണമാകുന്നു.
പേ ആന്റ് പാർക്കിംഗ്
ഏർപ്പെടുത്തണം
കെ.എസ്.ആർ.ടി.സി സ്റ്റാന്റിനോട് അനുബന്ധിച്ചുള്ള പാർക്കിംഗ് ഏരിയായിൽ പേ ആന്റ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താവുന്നതാണ്.കെ എസ് ആർ ടി സിക്ക് നേരിട്ടോ,വ്യവസ്ഥകളോടെ സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങളുമായി ചേർന്നോ ഇത് നടപ്പിലാക്കാം.കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനവും സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ സഹായമാകുകയും ചെയ്യും.