
ഇടുക്കി :ജില്ലയിലെ ഹരിതകേരളം ജലലാബുകളുള്ള ഹയർസെക്കന്ററി സ്‌കൂളുകളിലെ രസതന്ത്രം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ജലഗുണതാ പരിശീലന പരിപാടിയ്ക്ക് കട്ടപ്പനയിൽ തുടക്കമായി.രാവിലെയും വൈകിട്ടുമായി നടന്ന ആദ്യ ദിന പരിശീലന പരിപാടിയിൽ
18സ്കൂളുകളിൽ നിന്നായി 90 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും സംബന്ധിച്ചു.കട്ടപ്പന സെന്റ്.ജോർജ് ഹയർസെക്കന്ററി സ്‌കൂളിലെ ജല ലാബിൽ കുട്ടികൾക്ക് ജലഗുണത പരിശോധിക്കുന്നതിൽ പ്രായോഗിക പരിശീലനവും നൽകി.തിരുവനന്തപുരം കോട്ടൽഹിൽ സ്‌കൂളിലെ രസതന്ത്രം അദ്ധ്യാപിക കരോളിൻ ജോസഫാണ് പരിശീലനം നൽകിയത്.ഇന്ന് രാവിലെ 10ന് അടിമാലി എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്‌കൂളിലും ഉച്ചയ്ക്ക് രണ്ടിന് കോളപ്ര ജി.എച്ച്.എസ്.എസിലും പരിശീലനം നൽകും.രണ്ടു ബാച്ചുകളിലുമായി 17 സ്‌കൂളുകളിൽ നിന്നുള്ള രസതന്ത്രം അദ്ധ്യാപകരും അഞ്ച് വീതം വിദ്യാർത്ഥികളുമാണ് പരിശീലനത്തിനെത്തുക.പരിശീലനപരിപാടി കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.രസതന്ത്രം അദ്ധ്യാപകരായ ബിനോ ജോസഫ്,ജിനു ജോസ്, നവകേരളം പ്രതിനിധികളായ എബി വർഗീസ്, അന്റു അഗസ്റ്റിൻ എന്നിവർ മേൽനോട്ടം വഹിച്ചു.