മുട്ടം: മലങ്കര അണക്കെട്ടിലെ ജല നിരപ്പ് തുടർച്ചയായി എഴ് ദിവസങ്ങൾ താഴ്ത്തുന്നതിനെ തുടർന്നുണ്ടാകുന്ന അതിരൂക്ഷമായ കുടി വെള്ള പ്രശ്നം സംബന്ധിച്ച് കളക്ടറെ ബോദ്ധ്യപ്പെടുത്താൻ തീരുമാനം.മലങ്കര അണക്കെട്ടിലെ 6 ഷട്ടറിന്റേയും റോപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ എം.വി .ഐ. പി പദ്ധതി ആവിഷ്ക്കരിച്ചിരുന്നു.റോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഏഴ് ദിവസം തുടർച്ചയായി അണക്കെട്ടിലെ ജലനിരപ്പ് 36 മീറ്ററോളം താഴ്ത്തണം.ഇത് അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളായ മുട്ടം,കരിങ്കുന്നം,കുടയത്തൂർ,അറക്കുളം,ആലക്കോട്,വെള്ളിയാമറ്റം എന്നിങ്ങനെ ആറോളം തദ്ദേശ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറോളം കുടി വെള്ള പദ്ധതികൾ പൂർണ്ണമായും സ്തംഭിക്കാൻ ഇടയാകും.230ല്പരം അന്തേവാസികളെ പാർപ്പിക്കുന്ന മുട്ടം ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള വിതരണവും പൂർണ്ണമായും സ്തംഭിച്ച് ജയിലിന്റെ പ്രവർത്തനങ്ങളും താറുമാറാകും.ഇതേ തുടർന്നാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്മാർ,മറ്റ് ജന പ്രതിനിധികൾ,റവന്യു,ജലവിഭവം,എം.വി.ഐ.പി എന്നിങ്ങനെ വകുപ്പ് അധികൃതരുടെ യോഗം ഇന്നലെ മുട്ടം എം വി ഐ പി കോൺഫറൻസ് ഹാളിൽ ചേർന്നത്.ഷട്ടറിന്റെ റോപ്പ് പുനസ്ഥാപിക്കുന്നത്വരെ കുടി വെള്ളം വാഹനങ്ങളിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കളക്ടറോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനിച്ചു.2019ലാണ് റോപ്പ് അവസാനമായി നവീകരിച്ചത്.തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിനാൽ ദ്രവിച്ച് ജീർണ്ണാവസ്ഥയിലാണ്. നവീകരണം വൈകിയാൽ വെള്ളം ഒഴുക്കി വിടുന്ന പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും.